സിപിഎം മന്ത്രിമാര്‍ക്ക് മഹാരാഷ്ട്രയില്‍ 200 ഏക്കര്‍ ഭൂമി, അന്വേഷണം ശക്തമാക്കി ഇ.ഡി

">

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാരുടെ ഭൂമി ഇടപാടില്‍ ഇ.ഡി അന്വേഷണം ശക്തമാക്കി. ബിനാമി പേരില്‍ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലാണ് ഭൂമി വാങ്ങിയത്. ഇഡി കേസ് റജിസ്റ്റർ ചെയ്തില്ലെങ്കിലും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി റവന്യൂ രേഖകള്‍ ശേഖരിച്ച് തുടങ്ങി.

രണ്ട് പ്രമുഖ മന്ത്രിമാര്‍ക്ക് ബിനാമി ഇടപാടില്‍ 200 ഏക്കറിലേറെ ഭൂമിയുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. മന്ത്രിമാരില്‍ ഒരാള്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും മറ്റൊരാള്‍ കോഴിക്കോട് ജില്ലയില്‍ നിന്നും ഉള്ളവരെന്നാണ് സൂചന. അടുത്തിടെ വിരമിച്ച ഐ.എ.എസ് ഉന്നതനാണ് ഇരുവര്‍ക്കും ഒത്താശ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഈ ഉദ്യോഗസ്ഥന് അവിടെ സ്വന്തം പേരില്‍ അന്‍പത് ഏക്കറോളം ഭൂമിയുണ്ട്. ചില നിര്‍ണായക ഇടപാടുകള്‍ക്കുള്ള പ്രതിഫലമാണ് ഭൂമിയെന്നും സംശയിക്കുന്നു. അതേസമയം സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് തന്റേടമുണ്ടോയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഒരു മന്ത്രി ഭൂമിയുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിയുടെ കണ്ണൂര്‍ സ്വദേശിയായ ബിനാമിയെയും ഇ.ഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ ചോദ്യം ചെയ്തേക്കും. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി റവന്യുരേഖകള്‍ ഇ.ഡി ശേഖരിച്ചു. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ ഇടപാടുകളും സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളിലെ അഴിമതിയും അന്വേഷിക്കുന്നതിനിടെ സിപിഎം മന്ത്രിമാരുടെ ബിനാമി ഇടപാടിലേക്കും ഇ.ഡി അന്വേഷണം നീളുന്നത് സർക്കാരിനെയും സിപിഎമ്മിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors