ക്വട്ടേഷൻ ബന്ധത്തിൽ സി പി എമ്മിനെതിരെയുള്ള വിമർശനം ,സി പി ഐ ക്ക് വൈകി വന്ന ബുദ്ധി : കെ സുധാകരൻ
കണ്ണൂർ: സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച സിപിഐയ്ക്ക് നന്ദി പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തുറന്ന് പറയാൻ കാണിച്ച മനസിന് നന്ദി എന്നാണ് സുധാകരൻ അഭിപ്രായപ്പെട്ടത്. സിപിഐക്ക് വൈകി വന്ന ബുദ്ധിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യപരമായ ഒരു നാട് സൃഷ്ടിക്കാൻ സിപിഐ തങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. തോളിൽ കൈവച്ചു നടക്കുന്നവരെ കുറിച്ച് നേരത്തെ കോൺഗ്രസ് മനസിലാക്കിയതാണ്. സ്വർണ കടത്ത് അന്വേഷണം നേരെ ചൊവ്വല്ല പോകുന്നത് എന്നും കെ സുധാകരൻ പറഞ്ഞു.
രാമനാട്ടുകര ക്വട്ടേഷൻ സംഘം സിപിഎമ്മിനെ ഉപയോഗിക്കുന്നു എന്നാണ് സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനത്തിലൂടെ പാർട്ടി അഭിപ്രായപ്പെട്ടത്. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നും എഡിറ്റ് പേജിൽ സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഡിറ്റ് പേജിൽ എഴുതിയ ലേഖനത്തിൽ രൂക്ഷവിമർശനമുയർത്തി.
കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമങ്ങൾക്കെതിരെയും വിമർശനമുയർന്നു. ജനാധിപത്യ വിരുദ്ധതയുടെ ശ്രമങ്ങൾ ഗ്രാമങ്ങളിൽ ആണ് തുടങ്ങുന്നതെന്ന് പി സന്തോഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നു. പാർട്ടി ഗ്രാമങ്ങൾ സൃഷ്ടിക്കുന്നത് അപലപിക്കേണ്ടതാണ്. പാർട്ടിയെ മറയാക്കി ചിലർ അനാശാസ്യകരമായ പ്രവർത്തികളിൽ ഏർപ്പെടുന്നു. മാഫിയ സംഘങ്ങളുടെ വളർച്ചയുടെ ആദ്യ ഘട്ടം പാർട്ടി ഗ്രാമങ്ങളിലാണ് തുടങ്ങുന്നത്. സിപിഐക്ക് മടിയിൽ കനമില്ലാത്തതുകൊണ്ട് ഇവരെ ധൈര്യപൂർവ്വം തള്ളിപ്പറയാൻ സാധിക്കും. ഇവരെ പ്രോത്സാഹിപ്പിക്കുമ്പോൾ എന്തിനും പ്രസ്ഥാനം പിന്തുണക്കുമെന്ന തോന്നലുണ്ടാകും. എല്ലാ പാർട്ടികളിലും പെട്ട മാഫിയ സംഘങ്ങൾ തമ്മിലെ അന്തർധാര സജീവമാണെന്നും പി സന്തോഷ് കുമാർ പറഞ്ഞു.