കോവിഡിനെ പ്രധാനമന്ത്രി വ്യാപാരവൽകരിച്ചു : മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരംഃ കോവിഡ് മഹാമാരിയെ വ്യാപാരവത്കരിച്ച പ്രധാനമന്ത്രിയാണ് ഇന്ത്യയിലേതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ജനദ്രോഹ കോവിഡ് നയങ്ങളിലൂടെ സര്‍വ്വനാശത്തിലേക്കാണ് പ്രധാനമന്ത്രി നാടിനെ നയിക്കുന്നത്.മരുന്ന് നിര്‍മ്മാണ കമ്പനികളുമായി ചേര്‍ന്ന് കൊള്ളക്കച്ചവടം നടത്തുകയാണ് പ്രധാനമന്ത്രി.പുതിയ വാക്‌സിന്‍ നയംഅതിന്റെ തെളിവാണ്.രാജ്യതലസ്ഥാനത്ത് പ്രാണവായു കിട്ടാതെ നിരവധി പേരാണ് മരിച്ചത്.
ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുമ്പോള്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഓക്‌സിജന്‍ സിലണ്ടറുകള്‍ നിര്‍ലോഭം ലഭിക്കുന്ന സാഹചര്യമാണുള്ളത്.മനുഷ്യജീവന് ഒരു വിലയും കല്‍പ്പിക്കാത്ത ഭരണകൂടമാണ് കേന്ദ്രത്തിലുള്ളത്. ജനങ്ങള്‍ പ്രാണവായുവിന് വേണ്ടി പരക്കം പായുമ്പോള്‍ അവരെ മരണത്തിലേക്ക് തള്ളിവിടുന്ന സമീപനമാണ് പ്രധാനമന്ത്രിയുടേത്.
കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിനും കുറ്റകരമായ അനാസ്ഥയ്ക്കുമെതിരെ ദില്ലി ഹൈക്കോടതി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.രാജ്യം ആരോഗ്യ അടിയന്തരാവസ്ഥ നേരിടുകയാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ വാക്‌സിനേഷനും ഓക്‌സിജന്റെ ലഭ്യതയും ഉറപ്പുവരുത്താതെ അതെല്ലാം സംസ്ഥാനങ്ങളുടെ മാത്രം ബാധ്യതയെന്ന് പറഞ്ഞ് കൈയൊഴിയുന്ന പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ക്രൂരമാണ്.
കോവിഡ് പ്രതിരോധത്തിനായി ബജറ്റില്‍ തുക വകയിരുത്തുകയും അതിനു പുറമെ പിഎം കെയേഴ്‌സ് നിധിയിലൂടെ പതിനായിരകണക്കിന് കോടികള്‍ സമാഹരിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരാണ് ഇപ്പോള്‍ സംസ്ഥാനങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത്.ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും ഫെഡറല്‍ തത്വങ്ങളോടുള്ള അനാദരവുമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സാലറി ചലഞ്ചിലൂടെ കുപ്രസിദ്ധി നേടിയ മുഖ്യമന്ത്രി ഇപ്പോള്‍ വാക്‌സിന്‍ ചലഞ്ചിലൂടെ ധനസമാഹരണം നടത്തുന്നത് അംഗീകരിക്കാനാവില്ല.പ്രളയ നിധിയുമായി ബന്ധപ്പെട്ട് ലോകമാകെ സഞ്ചരിച്ച് കോടികള്‍ സമാഹരിച്ച മുഖ്യമന്ത്രി ഇതുവരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കണക്ക് വയ്ക്കാന്‍ തയ്യാറായിട്ടില്ല. സുതാര്യത ഇല്ലാത്ത ഫണ്ട് പരിവിന് പേരുകേട്ട സിപിഎമ്മിന്റെ മുഖ്യമന്ത്രിയില്‍ നിന്ന് ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കാനില്ല.
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ജനങ്ങളില്‍ എന്തെന്നില്ലാത്ത ഭീതിപടര്‍ത്തുന്ന സര്‍ക്കാര്‍ നടപടി ക്രൂരവിനോദമാണ്. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സക്കായി അമിത നിരക്ക് ഈടാക്കുന്ന നടപടി അവസാനിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.കോവിഡ് ചികിത്സാച്ചെലവ് പലസ്ഥലത്തും തോന്നിയത് പോലെയാണ്.ചികിത്സാച്ചെലവ് ഏകീകരിക്കാനുള്ള ശക്തമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം.ഇല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു