തൃശൂർ ജില്ലയുടെ കോവിഡ് പ്രതിരോധം: തൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം
തൃശൂർ: കോവിഡ്-19 രോഗപ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ തൃശൂർ ജില്ലയിൽ സന്ദർശനം നടത്തിയ കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധി സംഘം പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി. കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജനങ്ങളുടെ ഉദാസീന മനോഭാവം കൂടുതൽ സമ്പർക്ക വ്യാപനത്തിന് ഇടയാക്കുമെന്നും സംഘം ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ജില്ലാതല അവലോകന യോഗത്തിൽ സംഘം പങ്കെടുത്തു. ഗവ. മെഡിക്കൽ കോളജ്, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, കണ്ടെയ്ൻമെൻറ് സോണുകൾ എന്നിവ സന്ദർശിച്ചു. കേന്ദ്ര റീജ്യനൽ ആരോഗ്യ കുടുംബക്ഷേമ കേന്ദ്രം, തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഡോ. രുചി ജെയിൻ, ന്യൂദൽഹി സഫ്ദർജങ് ആശുപത്രിയിലെ ഡോ.നീരജ് കുമാർ ഗുപ്ത എന്നിവരാണ് ജില്ലയിൽ എത്തിയത്.
ജനുവരി 30ന് ഇന്ത്യയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതു മുതൽ ജില്ലയിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ എസ്. ഷാനവാസ് സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു. ജനുവരി 30 മുതൽ ഒക്ടോബർ 16 വരെ ജില്ലയിലെ വിവിധ ചന്തകൾ, റെയിൽവേ സ്റ്റേഷനുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ലോക്ഡൗണിനോട് അനുബന്ധിച്ചു നടത്തിയ വിവിധ മിഷനുകൾ, റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾ, കണ്ടെയ്ൻമെന്റ് സോണുകളിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ, സമ്പർക്കങ്ങളുടെ തെരഞ്ഞുപിടിക്കൽ, സാമൂഹിക മാധ്യമങ്ങൾ വഴി നടത്തിയ ബോധവത്കരണ പരിപാടികൾ തുടങ്ങിയവ കളക്ടർ വിശദീകരിച്ചു.
ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചശേഷം നടത്തിയ പ്രവർത്തനങ്ങളും നിരീക്ഷണ സംവിധാനങ്ങളും ധരിപ്പിച്ചു. കോവിഡ് ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളുടെ പ്രവർത്തന രീതിയും പ്രതിരോധരീതിയും കളക്ടർ വിശദീകരിച്ചു.
രാവിലെ ഗവ. മെഡിക്കൽ കോളേജും മുളങ്കുന്നത്തുകാവ് കില സിഎഫ്എൽടിസിയും സന്ദർശിച്ച സംഘം ഉച്ചയ്ക്ക് ശേഷം നാട്ടിക സിഎഫ്എൽടിസി, കുന്നംകുളം ചൂണ്ടൽ, ഗുരുവായൂർ എന്നീ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി സന്ദർശിച്ച ശേഷം മടങ്ങി.ജില്ലാ അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ എസ് ഷാനവാസ്, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, റൂറൽ എസ് പി വിശ്വനാഥൻ, ഡിഎംഒ ഡോ. കെജെ റീന, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ ആൻഡ്രൂസ്, എൻ.എച്ച്.എം ഡിപിഎം സതീഷ്, വിവിധ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.