ഗുരുവായൂരിൽ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു

ഗുരുവായൂര്‍: ഗുരുവായൂരിൽ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഗുരുവായൂര്‍ തിരുവെങ്കിടം അരീക്കര മുറിയാക്കില്‍ ചന്ദ്രന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുഡ്‌ബോള്‍ കളി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് പോകുന്നതിനിടെ രാവിലെ എട്ടരയോടെ പടിഞ്ഞാറെനടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ മുതവൂട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഫുട്‌ബോള്‍ കളിയില്‍ സജീവമാണ്. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഗുരുവായൂര്‍ നഗരസഭ വാതകശ്മശാനത്തില്‍ നടത്തി. ഇതോടെ നഗരസഭ പരിധിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.

അതേ സമയം ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട് സോണില്‍ എട്ട് പേര്‍ക്കും തൈക്കാട് സോണില്‍ മൂന്ന് പേര്‍ക്കും അര്‍ബന്‍ സോണില്‍ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ 40 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ക്ക് വിവിധ ആശുപത്രികളിലായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പോസറ്റീവായത്. പൂക്കോട് സോണിലെ മുന്‍ വനിത കൗണ്‍സിലര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.