
വോട്ടെണ്ണൽ , ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

തൃശൂർ : മെയ് 23ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കൽ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. ജില്ലയിലെ ഏക വോട്ടെണ്ണൽ കേന്ദ്രം തൃശൂർ ഗവ. എൻജിനീയറിങ് കോളജാണ്. തൃശൂർ മണ്ഡലത്തിലെ വോട്ടുകൾ ഇവിടെയാണ് എണ്ണുക.

ചാലക്കുടി മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രം എറണാകുളം ജില്ലയിലെ കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലും ആലത്തൂർ മണ്ഡലത്തിന്റേത് പാലക്കാട് മുണ്ടൂർ ആര്യാനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലുമാണ്.
വോട്ടെണ്ണലിനായി തൃശൂർ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങൾക്കും ഓരോ ഹാൾ ഉണ്ടാവും. ഓരോ ഹാളിലും വോട്ടെണ്ണലിനായി 14 മേശകൾ സജ്ജീകരിക്കും. ഇതു കൂടാതെ അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർക്കും നിരീക്ഷകനും ഓരോ മേശയും ഉണ്ടാവും. പോസ്റ്റൽ വോട്ടുകൾക്കും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) മുഖേനയുള്ള വോട്ടുകൾക്കും പ്രത്യേകം മേശ ഒരുക്കും. എട്ടു മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക.
വോട്ടെണ്ണലിന് മുമ്പായി വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂനിറ്റ് പരിശോധിച്ച് കേടുപാടില്ലെന്നും സീലുകളെല്ലാം ഭദ്രമാണെന്നും ഉറപ്പുവരുത്തും. തുടർന്ന്, കൺട്രോൾ യൂനിറ്റിന്റെ റിസൽട്ട് ബട്ടൺ അമർത്തും. അപ്പോൾ ഓരോ സ്ഥാനാർഥിക്കും കിട്ടിയ വോട്ടുകൾ അതിന്റെ ഡിസ്പ്ലേയിൽ കാണാം. ഇത് ഫോം 17സിയുടെ പാർട്ട് രണ്ടിൽ രേഖപ്പെടുത്തും. വോട്ടെണ്ണിയ ശേഷം വോട്ടിംഗ് യന്ത്രങ്ങൾ സീൽ ചെയ്യും.
കൺട്രോൾ യൂനിറ്റിന്റെ ഡിസ്പ്ലേ തകരാറിലായാലോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദേശമുണ്ടെങ്കിലോ വിവിപാറ്റ് മെഷീനാണ് എണ്ണുക. ഇതിന് പുറമെ ഓരോ മണ്ഡലത്തിലെയും തെരഞ്ഞെടുത്ത അഞ്ച് വീതം വിവിപാറ്റ് യന്ത്രങ്ങളും എണ്ണും. നറുക്കെടുപ്പിലൂടെയാണ് ഇവ തെരഞ്ഞെടുക്കുക. റിട്ടേണിങ് ഓഫീസർമാർ, അസിസ്റ്റൻറ് റിട്ടേണിങ് ഓഫീസർമാർ, കൗണ്ടിങ് സ്റ്റാഫ്, സ്ഥാനാർഥികൾ, സ്ഥാനാർഥികളുടെ ഇലക്ഷൻ ഏജൻറുമാർ, കൗണ്ടിങ് ഏജൻറുമാർ, ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, ഇലക്ഷൻ കമ്മീഷൻ നിയോഗിച്ചവർ എന്നിവർക്കല്ലാതെ മറ്റാർക്കും കൗണ്ടിംഗ് ഹാളിൽ പ്രവേശനമില്ല. റിട്ടേണിങ് ഓഫീസറുടെയും അസിസ്റ്റൻറ് റിട്ടേണിങ് ഓഫീസറുടെയും മേൽനോട്ടത്തിലാണ് വോട്ടെണ്ണൽ നടക്കുക. മോശമായി പെരുമാറുകയോ നിയമപ്രകാരമുള്ള നിർദേശം അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ചെയ്യുന്ന ആരെയും കൗണ്ടിങ് ഹാളിൽനിന്ന് പുറത്താക്കാൻ റിട്ടേണിങ് ഓഫീസർക്ക് അധികാരമുണ്ട്. വോട്ടെടുപ്പിന്റെ സ്വകാര്യത വോട്ടെണ്ണൽ കേന്ദ്രത്തിലും പാലിക്കപ്പെടേണ്ടതാണ്.

യൂനിഫോമിലായാലും സിവിൽ വേഷത്തിലായാലും പോലീസുകാർക്ക് വോട്ടെണ്ണൽ ഹാളിൽ പ്രവേശനമില്ല. അവർ പുറത്തുനിൽക്കേണ്ടതും റിട്ടേണിങ് ഓഫീസർ വിളിച്ചാൽ മാത്രം അകത്ത് പ്രവേശിക്കേണ്ടതുമാണ്. വോട്ടെണ്ണൽ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ റിട്ടേണിംഗ് ഓഫീസർമാർക്കും ഒബ്സർവർമാർക്കും മാത്രമേ അനുമതിയുള്ളൂ. ഒരേ സമയം, സ്ഥാനാർഥിക്കോ സ്ഥാനാർഥിയുടെ ഏജൻറിനോ മാത്രമേ വോട്ടെണ്ണൽ മേശയുടെ മുന്നിൽ ഇരിക്കാനാവൂ. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ വോട്ടെണ്ണൽ പൂർണ്ണമായി പകർത്താനായി ഔദ്യോഗിക ക്യാമറ മാത്രമേ അനുവദിക്കൂ. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ മാധ്യമ പ്രവർത്തകർക്ക് ഫോട്ടോയോ വീഡിയോയോ പകർത്താൻ അനുവാദമില്ല. അതേസമയം, മാധ്യമ പ്രവർത്തകർക്ക് ഒരു നിശ്ചിത ദൂരപരിധിയിൽനിന്ന് പൊതുവായുള്ള ചിത്രം പകർത്താൻ അനുവാദമുണ്ടാവും.
ഏതുസാഹചര്യത്തിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് ചിത്രീകരിക്കാൻ പാടില്ല. കൗണ്ടിങ് ഹാളിന് പുറത്ത് വോട്ടെണ്ണലിന്റെ വിവരങ്ങൾ നൽകാനായി മീഡിയ സെൻറർ പ്രവർത്തിക്കും. കൂടാതെ വോട്ടെണ്ണൽ ഫലം തൽസമയം അപ്ലോഡ് ചെയ്യുന്നതിനുള്ള സുവിധ ആപ്ലിക്കേഷന്റെ പ്രത്യേക കേന്ദ്രവും ഉണ്ടാവും.
വോട്ടെണ്ണൽ ഒരുക്കങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർക്ക് ജില്ലാ ആസൂത്രണ സമിതി ഹാളിൽ പരിശീലനം നൽകി. മൈക്രോ ഒബ്സർവർമാർ, കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റൻറുമാർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. ഡെപ്യൂട്ടി കളക്ടർ സി. ലതിക, സ്റ്റേറ്റ് മാസ്റ്റർ ട്രെയിനർമാരായ സി.എച്ച് അഹമ്മദ് നിസാർ, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.