തെറ്റായ പരസ്യം നല്‍കി ,ധാത്രിക്കും അനൂപ് മേനോനും പിഴ വിധിച്ച് ഉപഭോക്തൃ കോടതി
തൃശൂര്‍ : ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡിന് ഉപഭോക്തൃ കമ്മീഷന്റെ പിഴ. തെറ്റായി പരസ്യം നല്‍കിയെന്ന ഹര്‍ജിയിലാണ് ധാത്രിയ്ക്കും പരസ്യത്തില്‍ മോഡലായ ചലച്ചിത്ര താരം അനൂപ് മേനോനും ഉപഭോക്തൃ കമ്മീഷന്‍ പിഴയിട്ടത്. പതിനായിരം രൂപയാണ് പിഴ.
വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്റെ ഹര്‍ജിയിലാണ് തൃശൂര്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഉല്‍പ്പന്നം വിറ്റ എ വണ്‍ മെഡിക്കല്‍സ് ഉടമ കോടതി ചെലവായി മൂവായിരം രൂപയും പിഴ അടക്കണം. പിഴത്തുകകള്‍ ഹര്‍ജിക്കാരന് നല്‍കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇഷ്ടതാരത്തിന്റെ വാക്ക് വിശ്വസിച്ചാണ് മുടിവളരാനായി ഫ്രാന്‍സിസ് വടക്കന്‍ ഹെയര്‍ ക്രീം വാങ്ങുന്നത് പതിവാക്കിയത്. എന്നാല്‍ ഹെയര്‍ ക്രീം ഉപയോഗിച്ചിട്ടും മുടി വളര്‍ന്നില്ലെന്ന് മാത്രമല്ല ആളുകള്‍ക്കിടയില്‍ അപഹാസ്യനുമായി. തുടര്‍ന്നാണ് ഫ്രാന്‍സിസ് ക്രീം വാങ്ങിയ ബില്ലുകള്‍ സഹിതം തൃശൂര്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ച അനൂപ് മേനോനും പതിനായിരം രൂപ പിഴയടക്കണമെന്ന് കോടതി വ്യക്തമാക്കി. അഡ്വ എ ഡി ബെന്നിയാണ് പരാതിക്കാരന് വേണ്ടി കമ്മീഷനില്‍ ഹാജരായത്.