Madhavam header
Above Pot

പണിനടന്നുകൊണ്ടിരിയ്ക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്നും വീണ് തമിഴ്നാട് സ്വദേശി മരണപ്പെട്ടു

ഗുരുവായൂര്‍: ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടിയില്‍ പണിനടന്നുകൊണ്ടിരിയ്ക്കുന്ന വീടിന്മുകളില്‍നിന്നും വീണ് തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണൂര്‍കുടി താലൂക്കില്‍ കുപ്പുസ്വാമിയുടെ മകന്‍ വെങ്കിടേശനാണ് (50) ചൊവ്വല്ലൂര്‍പ്പടി പുളിച്ചാറംവീട്ടില്‍ റസാഖിന്റെ പുതുക്കി പണിയുന്ന വീടിന്റെ ഒന്നാംനിലയില്‍നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരം മുറിയ്ക്കുന്ന ജോലിയെടുക്കുന്ന ഇയാള്‍ ഈ വീടിന്റെ പരിസരത്തെ മരമില്ലിലും വര്‍ഷങ്ങളായി ജോലിചെയ്യുന്നുണ്ട്. കുറച്ചുദിവസമായി റസാഖിന്റെ പണിതീരാത്തവീടിന്റെ ടറസ്സിലായിരുന്നു രാത്രി താമസം. സഹപ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ വെങ്കിടേശനെ തിരഞ്ഞെത്തിയപ്പോഴാണ് രക്തംവാര്‍ന്ന നിലയില്‍ ഇയാള്‍ മരിച്ചുകിടക്കുന്നതായ് കണ്ടെത്തിയത്. ഗുരുവായൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസെത്തി. രാത്രി പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി പുറത്തിറങ്ങവേ, കൈവരിയില്ലാത്ത ടെറസിനുമുകളില്‍നിന്നും വീണതായിരിയ്ക്കാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് വിശദമായുള്ള നടപടിക്രമങ്ങളുടെ ഭാഗമായി തൃശ്ശൂര്‍ സിറ്റി സൈന്റിഫിക് ഓഫീസര്‍ റിനി തോമസ്, ഫിംഗര്‍ പ്രിന്റ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. ദിനേശന്‍ എന്നിവരെത്തി വിദഗ്ദ പരിശോധന നടത്തി. തൃശ്ശര്‍ സിറ്റി ഡോഗ് സ്‌ക്വാഡിലെ ഡോണയെന്ന പോലീസ് നായയും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ഗുരുവായൂര്‍ എസ്.ഐ: കെ.എ. ഫക്കറുദ്ദീന്‍, അഡീഷണല്‍ എസ്.ഐ: കെ.ആര്‍. പ്രേമരാജന്‍, എ.എസ്.ഐ: സി. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മരണത്തില്‍ യാതൊരുവിധ ദുരൂഹതകളും ഇല്ലെന്ന് ഗുരുവായൂര്‍ എസ്.ഐ: കെ.എ. ഫക്കറുദ്ദീന്‍ അറിയിച്ചു.

Vadasheri Footer