എ.പി.അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിൽനിന്നു പുറത്താക്കി
കണ്ണൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ എ.പി.അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിൽനിന്നു പുറത്താക്കി. അബ്ദുള്ളക്കുട്ടിയെ പുറത്താക്കണമെന്ന കെപിസിസിയുടെ നിർദേശത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുമതി നൽകിയെന്ന സൂചനകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കെപസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
മോദിയുടെ വിജയത്തെ പുകഴ്ത്തിയ അബ്ദുള്ളക്കുട്ടിയോടു കെപിസിസി കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. കണ്ണൂർ ഡിസിസിയുടെ പരാതിയിലായിരുന്നു നടപടി. എന്നാൽ, ഈ വിശദീകരണത്തിലും അബ്ദുള്ളക്കുട്ടി നിലപാടിൽ ഉറച്ച് നിന്നിരുന്നു. ഇതോടെ അദ്ദേഹത്തെ പുറത്താക്കാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതരാവുകയായിരുന്നു. അബ്ദുള്ളക്കുട്ടി നൽകിയ വിശദീകരണം പരിഹാസപൂർണമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം മോദിയുടെ വിജയം മഹാവിജയമെന്ന് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ പുകഴ്ത്തിയതാണു വിവാദമായത്. മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജൻഡയുടെയും അംഗീകാരമാണ് മഹാവിജയമെന്നും ഗാന്ധിയൻ മൂല്യങ്ങൾ സംരക്ഷിക്കുന്ന ആളാണ് മോദിയെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വാക്കുകൾ.
പോസ്റ്റിനു പിന്നാലെ അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിനെതിരേ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും വ്യാപകമായി രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ അബ്ദുള്ളക്കുട്ടിക്ക് കോണ്‍ഗ്രസ് പരിപാടികളിൽ അപ്രഖ്യാപിത വിലക്കേർപ്പെടുത്തുകയും ചെയ്തു. രേഖാമൂലം പറഞ്ഞിട്ടില്ലെങ്കിലും അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിന്റെ പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടന്നായിരുന്നു കണ്ണൂർ ഡിസിസിയുടെ തീരുമാനം.
മോദിയെ പുകഴ്ത്തിയുള്ള നിലപാടിൽ ഉറച്ചുനിന്ന അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിൽനിന്ന് പുറത്താക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെയും കഐസ്യുവിന്റെയും സംസ്ഥാന നേതൃത്വങ്ങളും ആവശ്യപ്പെട്ടിരുന്നു