കൊച്ചി ബ്രോഡ്‌വേയിൽ വൻ അഗ്നിബാധ , നാല് കടകൾ കത്തി ചാമ്പലായി
കൊച്ചി: കൊച്ചിയിലെ ഏറ്റവും തിരക്കേറിയ വാണിജ്യകേന്ദ്രമായ ബ്രോഡ് വേ മാർക്കറ്റിൽ വൻ അഗ്നി ബാധ . രാവിലെ പത്ത് മണിയോടെ ആരംഭിച്ച തീപിടുത്തം അഗ്നിരക്ഷാസേനയുടെ കഠിനപ്രയത്നത്തിന്റെ ഫലമായി 12 മണിയോടെ ആണ് പൂർണമായും ഇല്ലാതാക്കാൻ സാധിച്ചത്. കൊച്ചി നഗരത്തിൽ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നായി പന്ത്രണ്ടോളം ഫയർഫോഴ്സ് യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്നു.
നാല് കടകൾ അഗ്നിബാധയിൽ പൂർണമായും കത്തി നശിച്ചതായാണ് വിവരം. ആൾനാശമില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് തീപിടുത്തത്തിലുണ്ടായത്. അഗ്നിബാധയെ തുടർന്ന് ബ്രോഡ് വേയിലും മേനകാ ജംഗക്ഷനിലും കൊച്ചി നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും കടുത്ത ട്രാഫിക് ബ്ലോക്ക് അനുഭവപ്പെട്ടു. സംഭവത്തിൽ പൊലീസും ജില്ലാ ഭരണകൂടവും ഔദ്യോഗിക അന്വേഷണം ആരംഭിച്ചു.
സംഭവം അറിഞ്ഞ ഉടനെ തന്നെ ഫയർഫോഴ്സ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബ്രോഡ് വേയിലെ വിവിധ സ്ഥാപനങ്ങളിലെ വ്യാപാരികളും തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. കടകളിൽ നിന്നും തീ പിടിക്കാൻ സാധ്യതയുള്ള വസ്തുകൾ ഇവർ ചേർന്ന് പുറത്തേക്ക് മാറ്റി. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിട്ടത്തിൽ സൂക്ഷിച്ച ടൺകണക്കിന് തുണിത്തരങ്ങൾ വളരെ വേഗം കത്തിപ്പടരാൻ ആരംഭിച്ചതോടെ കനത്ത പുകയാണ് ബ്രോഡ് വേയിൽനിന്നും ഉണ്ടായത്. കൊച്ചി നഗരത്തിലെവിടെ നിന്നും പുക ദൃശ്യമായിരുന്നു.
തീയണയ്ക്കാനുള്ള ഫയർഫോഴ്സിന്റെ കഠിന പരിശ്രമത്തിനിടയിലും കെട്ടിട്ടത്തിന് പിറകിൽ തുണിത്തരങ്ങൾ സൂക്ഷിച്ച ഗോഡൗണിലേക്കും തീ പടർന്നത് ആശങ്ക സൃഷ്ടിച്ചു. എങ്കിലും തീ പടർന്ന കെട്ടിട്ടത്തിനകത്ത് കയറി അതിസാഹസികമായി ഫയർഫോഴ്സ് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ ആദ്യം തീ പടരുന്നത് നിയന്ത്രിക്കുകയും പിന്നീട് അണയ്ക്കുകയും ചെയ്തു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ, മേയർ സൗമിനി ജെയിന്‍ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. രക്ഷാപ്രവർത്തനത്തിനിടെ ആളുകൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് രക്ഷാപ്രവർത്തനത്തെ ബാധിച്ചെന്ന് കൊച്ചി മേയർ സൗമിനി ജെയ്ൻ പറഞ്ഞു. ബ്രോഡ് വേയിലൂടെ ചെറിയ റോഡിൽ വ്യാപാരികൾ നടത്തിയ അനധികൃത നിർമ്മാണങ്ങൾ കാരണം അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ എത്തുന്നതിനും കാര്യമായ തടസ്സം നേരിട്ടു.
അടുത്ത ആഴ്ച സ്കൂളുകൾ തുറക്കാനിരിക്കുന്നതിനാലും ഇന്ന് തിങ്കളാഴ്ച ആയതിനാലും നല്ല തിരക്കാണ് ബ്രോഡ് വേയിൽ അനുഭപ്പെട്ടിരുന്നത്. അഗ്നി ബാധയുണ്ടയതോടെ ബ്രോഡ് വേയിലുണ്ടായിരുന്ന പൊതുജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥന് രക്ഷാപ്രവർത്തനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് ഒഴിച്ചു നിർത്തിയാൽ വേറെ ആർക്കും തീപിടുത്തതിൽ പരിക്കേറ്റിട്ടില്ല.