Madhavam header
Above Pot

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മുട്ടുമടക്കി . പരിക്കേറ്റ വിജേഷിന്‌ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും .

കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഹൈക്കോടതിയില്‍. വിജേഷിന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കും. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാര്‍ച്ച്‌ ഒന്നിന് ഹൈക്കോടതിയില്‍ ഹാജരാക്കണം.

2002-ലാണ് വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡില്‍നിന്നും വീണ് പരിക്കേറ്റ തൃശൂര്‍ സ്വദേശിയായ വിജേഷ് വിജയന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ബക്കറ്റ് ഷവര്‍ എന്ന പേരിലുള്ള റൈഡില്‍ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വിജേഷിന് ചികിത്സയ്ക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം ചിലവാക്കേണ്ടി വന്നു.
ശരീരം തളര്‍ന്നു പോയ വിജേഷ് ഇപ്പോഴും വീല്‍ചെയറിലാണ്. നഷ്ട പരിഹാരം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്നാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സംഭവം തനിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും അതിനാല്‍ രണ്ടര ലക്ഷം രൂപ നല്‍കാമെന്നുമായിരുന്നു ചിറ്റിലപ്പള്ളി ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പണം എത്ര ഉണ്ടാക്കിയാലും അതില്‍ ഒരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും അന്ന് ഓര്‍മ്മിപ്പിച്ചിരുന്നു.

Vadasheri Footer