ചേറ്റുവയിൽ അരക്കോടിയുടെ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി.
ചാവക്കാട് : പാൽവണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അരക്കോടിയുടെ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. ചേറ്റുവയിൽ പൊലീസ് നടത്തിയ പരിശോധനിലാണ് മദ്യക്കടത്ത് പിടിച്ചത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ടുപേർ അറസ്റ്റിലായി. ഓണത്തിന് തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ വില്പന നടത്താനായി കടത്തിക്കൊണ്ടുവന്നതാണ് മദ്യശേഖരമെന്നാണ് പൊലീസ് പറയുന്നത്.
ഓണം ലക്ഷ്യമിട്ട് തിരുവനന്തപുരം ഭാഗത്തേക്ക് വൻതോതിൽ മദ്യംകടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ ഒരുമണിയോടെ നടത്തിയ വാഹന പരിശോധനിലാണ് മദ്യം പിടിച്ചെടുത്തത്. വിഘ്നേശ്വര മില്‍ക്ക് വാന്‍ എന്ന വണ്ടിയിലാണ് വിവിധ ബ്രാൻഡുകളുടെ 3,600 ലിറ്റര്‍ വിദേശ മദ്യം കടത്താൻ ശ്രമിച്ചത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സജി, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് എന്നിവരാണ് പിടിയിലായത്.
ചില്ലറവില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്നതാണ് മദ്യം. 50 ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടികൂടിയ മദ്യം. കൊടുങ്ങല്ലൂർ ഡി.വൈ.എസ്. പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി സ്റ്റേഷൻ ഹൗസ് ഇൻസ്‌പെക്ടർ സനീഷ്, എസ്. ഐ വിവേക് നാരായണൻ, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്.ഐ പി.സി സുനിൽ, എ.എസ്.ഐമാരായ സി.ആർ പ്രദീപ്, എ. പി ഫ്രാൻസിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മാരായ സൂരജ് .വി.ദേവ്, ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, ജ്യോതിഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ നാഥ്, നിഷാന്ത്, ഷിജിത്ത്, അഖിലേഷ്, അനുരാജ്, എന്നിവർ ചേർന്ന പോലീസ് സംഘവും തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് മദ്യം പിടികൂടിയത്
മദ്യം ആരിൽ നിന്ന് വാങ്ങി, ആർക്കൊക്കെ എത്തിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ശേഖരിച്ചുവരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ നേരത്തേയും മദ്യം കടത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
</div>