ചേറ്റുവ അഴിമുഖത്തിന് സമീപം മീന്‍പിടിത്ത ബോട്ട് മുങ്ങി.
ചാവക്കാട്: ചേറ്റുവ അഴിമുഖത്തിന് സമീപം പുഴയിലെ മരക്കുറ്റിയില്‍ ഇടിച്ചുകയറി മീന്‍പിടിത്ത ബോട്ട് മുങ്ങി.രക്ഷപ്പെടാനായി പുഴയിലേക്കു ചാടിയ തൊഴിലാളികളെ മറ്റ് ബോട്ടുകാരും വള്ളക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.ബോട്ടിലുണ്ടായിരുന്ന മുനക്കകടവ് പൊള്ളക്കായി അഷ്‌റഫ്(30),ചോപ്പന്‍ അബ്ദുല്‍ കലാം(46), പണിക്കവീട്ടില്‍ നഹാസ്(35),പുവ്വല്‍ നിസാം(38) എന്നിവരും മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെയുമാണ് രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുനക്കകടവ് തീരദേശ പോലീസ് സ്‌റ്റേഷന് കിഴക്കാണ് അപകടം.കടലില്‍ മീന്‍പിടിത്തം കഴിഞ്ഞ് മുനക്കകടവ് ഫിഷ്‌ലാന്‍ഡിങ് സെന്ററിലേക്ക് മടങ്ങുകയായിരുന്ന മിഅറാജ് ബോട്ടാണ് അപകടത്തില്‍പെട്ടത്.ചേറ്റുവ അഴിമുഖം കടന്ന് പുഴയിലേക്കു പ്രവേശിച്ച ബോട്ട് പുഴയില്‍ മത്സ്യതൊഴിലാളികള്‍ മീന്‍വല കെട്ടുന്നതിനായി സ്ഥാപിച്ച തെങ്ങിന്‍കുറ്റിയിലേക്കു ഇടിച്ചുകയറുകയായിരുന്നു.അപകടത്തില്‍ ബോട്ടിന്റെ അടിപ്പലക തകര്‍ന്ന് ബോട്ടിലേക്കു വെള്ളം ഇരച്ചുകയറി.ഇതോടെ ബോട്ടിലുണ്ടായിരുന്ന സ്രാങ്ക് ഉള്‍പ്പെടെയുള്ള ഏഴ് തൊഴിലാളികളും പുഴയിലേക്കുചാടി.വെള്ളത്തിലേക്കു ചാടിയ ഇവരെ മറ്റ് ബോട്ടുകാരും വള്ളക്കാരുമെത്തി രക്ഷപ്പെടുത്തി.മുനക്കകടവ് സ്വദേശികളായ പണ്ടാരത്തില്‍ താജുദ്ദീന്‍, പൊള്ളക്കായില്‍ റഫീഖ് എന്നിവരുടെ ഉടമസ്ഥതിയിലുള്ളതാണ് ബോട്ട്.
ബോട്ടില്‍ ചെമ്മീനും മാന്തിളും ഉണ്ടായിരുന്നു.മുനക്കകടവ് തീരദേശ പോലീസ് എസ്.എച്ച്.ഒ. എ.റബിയത്ത്,എസ്.ഐ. സി.ജെ. പോള്‍സണ്‍,സീനിയര്‍ സി.പി.ഒ. സജീവ് എന്നിവര്‍ അപകടസ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.വൈകീട്ടോടെ മുങ്ങിയ ബോട്ട് മറ്റ് രണ്ട് ബോട്ടുകളില്‍ കെട്ടിവലിച്ച് മുനക്കകടവ് ഹാര്‍ബറിലെത്തിച്ചു.എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബോട്ടുടമകള്‍ പറഞ്ഞു.