ചേരമാൻ മസ്ജിദ് നൽകുന്നത് മത, സാംസ്‌കാരിക മൈത്രിയുടെ അതുല്യ സന്ദേശം: ഗവർണർ
കൊടുങ്ങല്ലൂര്‍ : ലോകത്തിന് ചേരമാൻ മസ്ജിദ് നൽകുന്നത് മത, സാംസ്‌കാരിക മൈത്രിയുടെ അതുല്യമായ സന്ദേശമാണെന്നും നമ്മുടെ ചരിത്രത്തിന്റെ സൗന്ദര്യത്തെക്കുറിച്ചാണ് അത് ആത്യന്തികമായി ചൂണ്ടിക്കാണിക്കുന്നതെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് പുനരുദ്ധാരണ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ഗവർണർ. ഐതിഹാസിക തുറമുഖമായിരുന്ന മുസിരിസിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം പുനഃസ്ഥാപിക്കുന്നതിനായുള്ള കേരള ടൂറിസം വകുപ്പിന്റെ മുസിരിസ് പൈതൃക പദ്ധതിയിൽ സുപ്രധാനമാണ് ചേരമാൻ ജുമാമസ്ജിദ് പദ്ധതിയെന്ന് ഗവർണർ പറഞ്ഞു.
വിവിധ സംസ്‌കാരങ്ങളുടെയും രാഷ്ട്രങ്ങളുടെയും പ്രതിനിധികളെ ഹൃദയപൂർവം സ്വാഗതം ചെയ്ത കേരളത്തിന് എല്ലായ്‌പ്പോഴും ഒരു സാർവജനീന സമീപനം ഉണ്ടായിരുന്നു. തങ്ങളുമായി ഇടപഴകുകയും കൂടിച്ചേരുകയും ചെയ്ത എല്ലാ സംസ്‌കാരങ്ങളിൽനിന്നും നല്ല മൂല്യങ്ങളും ജീവിതശൈലികളും സന്തോഷത്തോടെ സ്വാംശീകരിക്കുകയാണ് കേരളം എന്നും ചെയ്തത്. നമ്മുടെ സ്മാരകങ്ങളിലും ആചാരങ്ങളിലും ഭാഷയിലും ഇത് സ്പഷ്ടമാണ്.അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
സംസ്ഥാന ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷത വഹിച്ചു. ചാലക്കുടി എംപി ബെന്നി ബഹനാൻ, കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. വി.ആർ. സുനിൽകുമാർ, സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ, കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, ചേരമാൻ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സെയ്ദ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ. യൂസഫലി, കൺസർവേഷൻ കൺസൾട്ടൻറ് ഡോ. ബെന്നി കുര്യാക്കോസ്, നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ, കൗൺസിലർ ആശാലത, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ്, മാർക്കറ്റിംഗ് മാനേജർ അൻവർ അലി എം.എം തുടങ്ങിയവർ സംബന്ധിച്ചു.