ചെമ്പൈ സംഗീതോത്സവം , ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഒക്ടോബർ 20-വരെ നീട്ടി
ഗുരുവായൂര്‍: ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിനുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍, ഒക്ടോബർ 20-വരെ നീട്ടിയതായി ദേവസ്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. റജിസ്‌ട്രേഷന്‍ സമയം നീട്ടികിട്ടണമെന്ന സംഗീതജ്ഞരുടെ അപേക്ഷ പരിഗണിച്ചാണ്, ദേവസ്വം ഭരണസമിതി തീരുമാനം എടുത്തത്. സംഗീതോത്സവത്തില്‍ 10-വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും സംഗീതാര്‍ച്ചന നടത്താൻ കഴിഞ്ഞ ദിവസം ദേവസ്വം അനുമതി നല്‍കിയിരുന്നു.
കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍ അപ്പ്‌ലോഡ് ചെയ്യണമെന്ന നിബന്ധന ദേവസ്വം ആദ്യമേ ഒഴിവാക്കിയിരുന്നു. ഇതോടെ നിരവധി സംഗീതജ്ഞര്‍ റജിസ്‌ട്രേഷനായി ഓണ്‍ലൈനില്‍ അപേക്ഷിച്ചിരുന്നു. ഒരേസമയം നിരവധി പേര്‍ അപേക്ഷ സമര്‍പ്പിയ്ക്കാന്‍ ശ്രമിച്ചതോടെ, സാങ്കേതിക തകരാര്‍ മൂലം പലരുടേയും അപേക്ഷകള്‍ സബ്മിറ്റ് ചെയ്യാനായില്ല. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ തിയ്യതി ഈമാസം 20-വരെ നീട്ടാന്‍ ഭരണസമിതി തീരുമാനമെടുത്തത്.
www.guruvayurdevaswom.nic.in എന്ന വെബ്‌സൈറ്റിലൂടേയാണ് റജിസ്‌ട്രേഷന്‍ നടത്തേണ്ടത്. സംഗീതാര്‍ച്ചന നടത്താന്‍ യോഗ്യത നേടിയ അപേക്ഷകരെ ഇ-മെയ്‌ലൂടെ വിവരം അറിയിയ്ക്കും. യോഗ്യതനേടി സംഗീതാര്‍ച്ചനയ്ക്ക് എത്തുന്നവര്‍ 48-മണിക്കൂര്‍ മുമ്പായെടുത്ത ആർ ടി പി സി ആർ സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജറാക്കിയാല്‍ മതി. ശ്രീഗുരുവായൂരപ്പന് മുന്നില്‍ സംഗീതാര്‍ച്ചന നടത്താന്‍ മതിയായ യോഗ്യതയുള്ള എല്ലാ അപേക്ഷകര്‍ക്കും അവസരം ഒരുക്കുകയാണ് ഭരണസമിതിയുടെ ലക്ഷ്യമെന്നും ചെയര്‍മാന്‍ അറിയിച്ചു