Header 3

ചാവക്കാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം, പുന്നയൂരിൽ വീട് തകർന്നു

ചാവക്കാട് : ശക്തമായ മഴയില്‍ ചാവക്കാട് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം.ചാവക്കാട് ടൗണ്‍, കോടതി സമുച്ചയം റോഡ്,ഓവുങ്ങല്‍ റോഡ്,മുതുവട്ടൂര്‍ രാജാ റോഡ്,തെക്കന്‍ പാലയൂര്‍,പുന്ന,കറുകമാട്,വട്ടേക്കാട് വളയം തോട് തുടങ്ങി സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.ചാവക്കാട് ടൗണില്‍ വെള്ളക്കെട്ടില്‍ കടകളില്‍ വെള്ളം കയറി.വടക്കേ ബൈപാസ്,ഏനമാവ് റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.ഇതോടെ ഗതാഗത കുരുക്കും ഉണ്ടായി.പൊലീസ് ഗതാഗതം നിയന്ത്രിക്കാൻ ഒരുപാട് ശ്രമം നടത്തി.പലയിടത്തും തോടുകള്‍,കുളങ്ങള്‍,കിണറുകള്‍ കരകവിഞ്ഞു.ഇനിയും മഴ തുടരുകയാണെങ്കില്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത ഉണ്ട്..അതേസമയം കടല്‍ വളരെ ശാന്തമാണ്.

Astrologer

പുന്നയൂരിൽ വീട് തകർന്നു അകലാട് ഒറ്റയിനി ബീച്ച് റോഡില്‍ വെട്ടേക്കാട്ട് വിജയന്റെ ഓടിട്ട ഒറ്റനില വീടാണ് തകര്‍ന്ന് വീണത്. ചൊവ്വാഴ്ച കാലത്ത് ഉണ്ടായ ശക്തമായ മഴയില്‍ ആണ് വീട് തകര്‍ന്നത്. സംഭവ സമയം വിജയനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ചോര്‍ച്ച അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഓടിനു മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ചിരുന്നുവെങ്കിലും വീടിനുള്ളിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങി ചോര്‍ച്ച അനുഭവപ്പെട്ടിരുന്നു.

നിത്യരോഗികളായ ഭാര്യയും മകളും കൂടാതെ ഒരു മകനും അടങ്ങിയ കുടുംബമാണ് വിജയന്റേത്. പെയിന്റിംഗ് പണിക്ക് പോയിട്ടാണ് വീട് പുലര്‍ത്തിയിരുന്നത്. ഭാരിച്ച ചെലവ് മൂലം വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാത്തതിനാല്‍ ബന്ധുവീട്ടിലാണ് താമസം. മാത്രമല്ല ചെറിയ മഴ ഉണ്ടായാല്‍ പോലും ഇവരുടെ വീട്ടിലേക്കുള്ള റോഡില്‍ വെള്ളം കെട്ടിനിന്ന് യാത്ര ക്ലേശം അനുഭവപ്പെടാറുണ്ട്. ഇത് മൂലം രോഗികളായ കുടുംബാംഗങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതും പ്രയായസകരമാണ്. വാര്‍ഡ് മെമ്പറും വില്ലേജ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.