728-90

തിരിച്ചെത്തുന്ന പ്രവാസികൾക്കായി ചാവക്കാട് നഗരസഭ ബജറ്റിൽ ഒന്നുമില്ലെന്ന്‌ പ്രതിപക്ഷം

Star

ചാവക്കാട് : കഴിഞ്ഞ ദിവസം വൈസ് ചെയർമാൻ അവതരിപ്പിച്ച നഗര സഭ ബജറ്റ് അംഗങ്ങളുടെ വിരസമായ രഷ്ട്രീയ പ്രസംഗങ്ങൾക്കൊടുവിൽ പാസാക്കി . വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ എ.സി.ആനന്ദനാണ് ആദ്യം ചര്‍ച്ചക്ക് തുടക്കമിട്ട് സംസാരിച്ചത്. ബജറ്റിനെ പുകഴ്ത്തിയ അദ്ദേഹത്തിനു ശേഷം ബജറ്റില്‍ സര്‍ക്കാരിന്റെ വനിതാമതിലിനെ പരോക്ഷമായി കൊണ്ടുവരാന്‍ ശ്രമിച്ചത് പ്രതിപക്ഷ അംഗം പി.എം.നാസര്‍ ചോദ്യം ചെയ്തു. സ്ത്രീകള്‍ അശുദ്ധരാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ബജറ്റുമായി ബന്ധമില്ലാത്ത ഇക്കാര്യം ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത് എന്തിനെന്നും നാസര്‍ ചോദിച്ചു. ചാവക്കാടിനെ പിടിച്ചുർത്തിയ ഗൾഫ് പ്രവാസികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുമ്പോൾ അവർക്കായി പുനരധിവാസമുൾപ്പടെ ഒരു കാര്യവും ബജറ്റിലില്ലെന്നും നാസർ കുറ്റപ്പെടുത്തി. മാത്രമല്ല പ്രവാസികളുടെ വീടുകൾക്ക് കനത്ത നികുതിയാണ് ചുമത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മത്സ്യതൊഴിലാളികള്‍ക്കും ബജറ്റില്‍ ഒന്നുമില്ലെന്ന് നാസര്‍ കൂട്ടിച്ചേർത്തു .

chavakkad budget meeting 1

മുന്‍ എം.എല്‍.എ. പി.കെ.കെ.ബാവയാണ് കരുവന്നൂര്‍ കുടിവെള്ള പദ്ധതിയുടെ ആശയം ആദ്യമായി കൊണ്ടുവന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.എന്നാല്‍ 2009-ല്‍ ഭരണാനുമതി കിട്ടിയ പദ്ധതിക്ക് പി.കെ.കെ.ബാവയുമായി ഒരു ബന്ധവുമില്ലെന്ന് ഇതിന് മറുപടിയായി ഭരണപക്ഷ കൗണ്‍സിലര്‍ എ.എച്ച്. അക്ബര്‍ ആഞ്ഞടിച്ചു. എന്നാല്‍ കരുവന്നൂര്‍ പദ്ധതിക്കു വേണ്ടി മുന്‍കൈയ്യെടുത്തു പ്രവര്‍ത്തിച്ചത് പി.കെ.കെ. ബാവ തന്നെയാണെന്നും പദ്ധതി പിന്നീട് ചെറുകിട പട്ടണങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള യു.ഐ.ഡി.എസ്.എസ്.എം.ടി.യില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ സൈസണ്‍ മാറോക്കി തിരിച്ചടിച്ചു.കരുവന്നൂര്‍ പദ്ധതിയുമായി പി.കെ.കെ.ബാവക്ക് ബന്ധമില്ലെന്ന വാദം വിലപോവില്ലെന്നും സൈസണ്‍ പറഞ്ഞു.

കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ടൗണ്‍ഹാള്‍ നിര്‍മാണത്തെ കുറിച്ച് പരാമര്‍ശം പോലും ഇല്ലാതിരുന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് കേരള കോണ്‍ഗ്രസ് അംഗം വി.ജെ.ജോയ്‌സി പറഞ്ഞു.കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പല പദ്ധതികളും പൂര്‍ത്തായാക്കാനായെന്നും പലതും പൂര്‍ത്തീകരണഘട്ടത്തിലുമാണെന്ന് ഭരണകക്ഷി അംഗങ്ങൾ അവകാശ പ്പെട്ടു , കെ എസ് ബാബുരാജ് ,കെ കെ കാർത്യായനി , പീറ്റർ , അഡ്വ ഹസീന ,ജിഷ മത്രം കോട്ട് ,സീനത്ത് കോയ പി.ഐ.വിശ്വംഭരന്‍, എ.എ.മഹേന്ദ്രന്‍, എം.ബി. രാജലക്ഷ്മി, കെ.എച്ച്.സലാം, സഫൂറ ബക്കര്‍, പി.പി.നാരായണന്‍ തുടങ്ങി. എല്ലാ അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു.
ചർച്ചകൾക്ക് വൈസ് ചെയർമാൻ മറുപടി പറഞ്ഞു .ചെയർ മാൻ എൻ കെ അക്ബർ അദ്ധ്യക്ഷത വഹിച്ചു .


– Qasim Saidu