വീട്ടിൽ നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഘത്തിലെ 4 പേർ അറസ്റ്റിൽ
ചാവക്കാട്: പാലുവായില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് യുവാക്കളെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും ചാവക്കാട് പോലീസും ചേര്‍ന്ന് പിടികൂടി. പാവറട്ടി മരുതയൂര്‍ കൊച്ചാത്തില്‍ വീട്ടില്‍ വൈശാഖ് (വൈശു 23), പൊന്നാനി പനക്കല്‍ വീട്ടില്‍ ജിതിന്‍(അപ്പു 24), പാവറട്ടി മരുതയൂര്‍ മത്രംകോട്ട് ജിഷ്ണുബാല്‍(25), പാലുവായ് കുരിക്കള്‍ വീട്ടില്‍ ശബരിനാഥ്(26) എന്നിവരെയാണ് ഇവരുടെ ഒളിത്താവളങ്ങളില്‍ നിന്ന് പോലീസ് പിടികൂടിയത്.
പാലുവായ് കരുമാഞ്ചേരി വീട്ടില്‍ അജിത്ത് കുമാറിന്റെ മകന്‍ അര്‍ജുന്‍രാജി(30)നെയാണ് കഴിഞ്ഞ 12-ന് രാവിലെ ആറിന് വീട്ടിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.മാസ്‌കുകളും കൈയുറകളും ധരിച്ചെത്തിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തി അര്‍ജുന്‍രാജിന്റെ കഴുത്തില്‍ കത്തിവെച്ച് കണ്ണില്‍ കുരുമുളകു സ്‌പ്രേ അടിച്ച് മര്‍ദ്ദിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.പിന്നീട് ചങ്ങരംകുളത്തിനടുത്ത് പാവിട്ടപ്പുറത്ത് ദേശീയപാതക്കരികില്‍ അര്‍ജുന്‍രാജിനെ ഇറക്കിവിട്ടു.സാമ്പത്തിക തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.അര്‍ജുന്‍രാജിനോടു വിരോധമുള്ള ആളുകളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ മുന്‍ ബിസിനസ് പങ്കാളിയായിരുന്ന പാവറട്ടി മരുതയൂര്‍ സ്വദേശി സ്ഥലത്തില്ലെന്ന് പോലീസിന് വിവരം ലഭിച്ചു.
തുടര്‍ന്ന് ഇയാളെ കുറിച്ചും ഇയാളുടെ സംഘത്തിനെ കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.അറസ്റ്റിലായ ജിഷ്ണുബാലിന്റെ സഹോദരനുമായി രണ്ടുവര്‍ഷത്തിലേറെയായി നീണ്ട ബിസിനസ്, സാമ്പത്തിക തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഘം മുന്‍കൂട്ടി തയ്യാറാക്കിവെച്ച മുദ്രകടലാസുകളില്‍ ഒപ്പിടിപ്പിച്ച ശേഷമാണ് അര്‍ജുന്‍രാജിനെ കാറില്‍ നിന്ന് ഇറക്കിവിട്ടതെന്നും പോലീസ് പറഞ്ഞു.തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം രൂപവത്ക്കരിച്ച പ്രത്യേക അന്വേഷണസംഘത്തില്‍ ക്രൈംബ്രാഞ്ച് എ.സി.പി. ബാബു കെ.തോമസ്, കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ്, എസ്.എച്ച്.ഒ. അനില്‍ ടി.മേപ്പിള്ളി,എസ്.ഐ.മാരായ യു.കെ.ഷാജഹാന്‍, കെ.പി.ആനന്ദ്, ഷാഡോ പോലീസിലെ എസ്.ഐ. ടി.ആര്‍. ഗ്ലാഡ്സ്റ്റണ്‍, പി.സി.സുനില്‍, പി.രാജന്‍ എന്നിവരും ഉണ്ടായിരുന്നു