പുതുവർഷ തലേന്ന് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി
തിരുവനന്തപുരം: പൊലിസ് തലപ്പത്ത് പുതുതായി അഞ്ചു തസ്തികകള്‍ സൃഷ്ടിച്ചും സ്ഥാനക്കയറ്റവും അഴിച്ചുപണിയും നടത്തിയും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. എക്‌സ് കേഡര്‍ തസ്തികകളായി എ.ഡി.ജി.പി (ട്രൈനിങ്), എ.ഡി.ജി.പി (പൗരാവകാശ സംരക്ഷണം- പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്), ഡി.ഐ.ജി (പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്), കണ്ണൂര്‍ ജില്ലയില്‍ കമ്മിഷണറേറ്റ് രൂപീകരിച്ച് ജില്ലാ പൊലിസ് മേധാവി (കണ്ണൂര്‍ റൂറല്‍), കമ്മിഷണര്‍ (കണ്ണൂര്‍ സിറ്റി) എന്നിവയാക്കി തിരിച്ചും പുതിയ തസ്തിക സൃഷ്ടിച്ചു.
ഇതിനു പുറമേ യോഗേഷ് ഗുപ്ത ഐ.പി.എസിന്റെ സര്‍വിസ് കാലാവധി പരിഗണിച്ച് പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പിക്കു തുല്യമായ തസ്തികയാക്കി ബിവറേജസ് കോര്‍പറേഷന്‍ എം.ഡി തസ്തികയെ ഉയര്‍ത്തി മാറ്റി നിയമിച്ചു. വിജിലന്‍സ് എ.ഡി.ജി.പിയായിരുന്ന സുധേഷ്‌കുമാര്‍ ഐ.പി.എസിന് വിരമിച്ച ശ്രീലേഖ ഐ.പി.എസിന്റെ ഒഴിവില്‍ ഡി.ജി.പിയാക്കി സ്ഥാനക്കയറ്റം നല്‍കി.
വിജിലന്‍സിന്റെ ചുമതലയാണ് സുധേഷ്‌കുമാര്‍ വഹിക്കുക. പൊലിസ് അക്കാദമി ഡയരക്ടര്‍ ഡോ. ബി. സന്ധ്യ ഐ.പി.എസിനെ ഫയര്‍ഫോഴ്‌സ് എ.ഡി.ജി.പിയായി മാറ്റി. വിജയ് സാഖറെയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായും എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായും മാറ്റി നിയമിച്ചു.
കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രയെ കെ.എ.പി4ന്റെ ചുമതലയിലേക്കും മാറ്റി നിയമിച്ചു. നാഗരാജുവാണ് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍. എ. അക്ബര്‍ തൃശൂര്‍ റെയ്ഞ്ച് ഐ.ജിയായി ചുമതലയേല്‍ക്കും. കെ.ബി രവിയാണ് പുതിയ കൊല്ലം ജില്ലാ പൊലിസ് മേധാവി. രാജീവ് പി. ജിയാക്കാണ് പത്തനംതിട്ട എസ്.പി സ്ഥാനം.
സുജിത് ദാസ് പാലക്കാട് എസ്.പിയായും ആര്‍ ഇളങ്കോ കണ്ണൂരിന്റെ ആദ്യ കമ്മിഷണറായും ചുമതലയേല്‍ക്കും. യാഗേഷ് ഗുപ്തയാണ് ബവ്‌കോ എം.ഡി. എ.ഡി.ജി.പി ഡോ. ഷൈക് ദര്‍വേശ് സാഹെബ് ഐ.പി.എസിനെ പൊലിസ് അക്കാദമി ഡയരക്ടറായി (ട്രെയിനിങ്) നിയമിച്ചു. പൊലിസ് അക്കാദമി ഡയരക്ടറുടെ (ട്രെയിനിങ്) മുഴുവന്‍ അധികാരങ്ങളും പുതുതായി സൃഷ്ടിച്ച എക്‌സ് കേഡര്‍ തസ്തികയിലെ നിയമനം വഴി ഡോ. ഷൈക് ദര്‍വേശ് സാഹെബിന് നല്‍കിയിട്ടുണ്ട്.