കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം തൃശൂരിൽ ഉദ്ഘാടനം ചെയ്തു
തൃശൂർ : കേരളാ പൊലീസ് ആധുനികവത്കരണത്തിന്റെ ഭാഗമായി തൃശൂർ രാമവർമപുരത്ത് തുടങ്ങിയ ഇന്ത്യയിലെ രണ്ടാമത്തെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനത്തിന്റെയും ചോദ്യം ചെയ്യൽ കേന്ദ്രം റിഫ്‌ളക്ഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അധ്യക്ഷനായി.
അറസ്റ്റിലാവുന്നവരെ ചോദ്യം ചെയ്ത് ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിലൂടെ തെളിവ് ശേഖരിക്കുന്നതിനുള്ള സംവിധാനമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പ്ലാൻഫണ്ടിൽ വകയിരുത്തി, തൃശൂർ സിറ്റി പൊലീസ് എ.ആർ ക്യാമ്പിനു സമീപം രാമവർമ്മപുരത്താണ് 79.25 ലക്ഷം രൂപ ചെലവിൽ കെട്ടിടവും അനുബന്ധ പ്രവൃത്തികളും പൂർത്തിയാക്കിയത്.
കോർപറേഷൻ മേയർ അജിത ജയരാജൻ, ഡിവിഷൻ കൗൺസിലർ വി കെ സുരേഷ്‌കുമാർ, പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, എ.ഡി.ജി.പി (ക്രമസമാധാനം) ഷെയ്ക് ദർവേഷ് സാഹിബ്, ഉത്തരമേഖലാ ഐജി അശോക് യാദവ്, തൃശൂർ മേഖലാ ഡി.ഐ.ജി എസ്. സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, ജില്ലാ പൊലീസ് മേധാവി തൃശൂർ (റൂറൽ) ആർ വിശ്വനാഥ് തുടങ്ങിയവർ സന്നിഹിതരായി.