ഗുരുവായൂര്‍ ക്ഷേത്രത്തിലെ കശുവണ്ടി മോഷണം , പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ തുലാഭാരത്തട്ടിലെ കശുവണ്ടി മോഷണം കരാറുകാരന്റെയും, ,സഹായിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി .
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഒരു ഭക്തന്‍ വഴിപാടായി നല്‍കിയ 10 കിലോഗ്രാം കശുവണ്ടിപ്പരിപ്പ് ക്ഷേത്രത്തിനകത്ത് തുലാഭാരം നടത്തുന്നിടത്തു നിന്നും മോഷണം നടത്തിയെന്നാരോപിച്ച് ഗുരുവായൂര്‍ ടെംപിള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സോഫി തോമസ് തള്ളി ഉത്തരവായി.
2019 സപ്തംബര്‍ അവസാനവാരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ഭക്തന്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്താന്‍ സമര്‍പ്പിച്ച കശുവണ്ടിപ്പരിപ്പ് രജിസ്റ്ററില്‍ വരവു ചേര്‍ക്കാതെയും, ലഭിച്ചതായി ദേവസ്വത്തെ അറിയിക്കാതെയും നട അടച്ചതിനു ശേഷം മോഷ്ടിച്ചുകൊണ്ടുപോവുകയാണുണ്ടായത്. തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ നല്‍കിയ പരാതിപ്രകാരമാണ് ഗുരുവായൂര്‍ ടെംപിള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നത്.
സി.സി. ടി.വി ദൃശ്യങ്ങളിലൂടെയാണ് പ്രതികള്‍ മോഷണം നടത്തിയ കാര്യം തെളിഞ്ഞത്. തുടര്‍ന്ന് കരാറുകാരനെ കരിംപട്ടികയില്‍പ്പെടുത്താന്‍ ദേവസ്വം തീരുമാനിക്കുകയുണ്ടായി.കഴിഞ്ഞ വര്‍ഷം 25000 രൂപയ്ക്കെടുത്ത തുലാഭാരം കരാര്‍ ഈ വര്‍ഷം 19 ലക്ഷം രൂപയ്ക്കാണ് എടുത്തത്. ആയതില്‍ നിന്നും ക്രമക്കേട് നടത്തണമെന്ന് ഉദ്ദേശിച്ചാണ് ഇത്രയും അന്തരം വരുന്ന തുകയ്ക്ക് കരാറെടുത്തതെന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് കണ്ടാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.