വർഗീയ പരാമർശം , പി എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുത്തു

">

തിരുവനന്തപുരം: മുസ്ലീം വിരുദ്ധ, വർഗ്ഗീയ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ്. ആറ്റിങ്ങൽ പൊലീസാണ് ശ്രീധരൻ പിള്ളക്കെതിരെ കേസ് എടുത്തത്. സിപിഎം നേതാവ് വി ശിവൻകുട്ടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശിവൻകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

‘ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണം’ എന്നായിരുന്നു ശ്രീധരൻപിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയിലായിരുന്നു പരാമര്‍ശം. ശ്രീധരൻ പിള്ളക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. ജനപ്രാധിനിധ്യ നിയമത്തിന്‍റെ ലംഘനമാണ് ശ്രീധരൻ പിള്ള നടത്തിയതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്. റിട്ടേണിംഗ് ഓഫീസറുടെ അനുമതി വാങ്ങാതെയാണ് ഈ പരിപാടി നടത്തിയതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിലുണ്ട്. വർഗ്ഗീയ പരാമർശത്തിന്‍റെ പേരിൽ ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച സർക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടി സിപിഎം നേതാവ് വി ശിവൻകുട്ടി നൽകിയ ഹർജിയിലാണ് നടപടി. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Sponsors