
കാപ്പ ചുമത്തി ജയിലിലടച്ചു

ചാവക്കാട്: വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമം ചുമത്തി ജയിലില്‍ അടച്ചു. എടക്കഴിയൂര്‍ പഞ്ചവടി ദാറുസ്സലാം ക്വാര്‍ട്ടേഴ്‌സ് പുളിക്കല്‍ നജീബി(28, നെജില്‍)നെയാണ് തൃശ്ശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ എസിപി ടി.എസ്.സിനോജ്, ചാവക്കാട് ഇന്‍സ്‌പെക്ടര്‍ വി.വി.വിമല്‍ എന്നിവര്‍ അറസ്റ്റ് ചെയ്ത് തൃശ്ശൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.

കഴിഞ്ഞ വര്‍ഷം തൃശൂര്‍ റെയ്ഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കാപ്പ ചുമത്തി ഇയാളെ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് നാടുകടത്തിയിരുന്നു. എന്നാല്‍ ജനുവരിയില്‍ തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇയാളെ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ചില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് എംഡിഎംഎ സഹിതം തൃശ്ശൂര്‍ ഈസ്റ്റ് പോലീസും പിടികൂടി കേസെടുത്തിരുന്നു. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച് മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടതിനാലാണ് പ്രതിക്കെതിരേ കളക്ടറുടെ കാപ്പാ കരുതല്‍ തടങ്കല്‍ നടപടിയെടുത്തത്.
ചാവക്കാട്, തൃശൂര്‍ ഈസ്റ്റ്, വാടാനപ്പള്ളി, കാലടി, അയ്യംമ്പുഴ, മാരാരിക്കുളം തുടങ്ങിയ സ്റ്റേഷനുകളിലായി വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, മോഷണം, മയക്കുമരുന്ന് വില്‍പ്പന ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കുപ്രസിദ്ധ ഗുണ്ട എന്ന ഗണത്തിലുള്‍പ്പെടുത്തിയാണ് ഇയാള്‍ക്കെതിരേയുള്ള കാപ്പ നടപടി.ഒരു വര്‍ഷത്തിനിടെ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ മാത്രമായി പത്തൊമ്പതാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പാ നിയമപ്രകാരം നടപടി എടുക്കുന്നത്.
