Header

ദുരന്തങ്ങള്‍ രേഖപ്പെടുത്തണം : മുരളി തുമ്മാരുകുടി

തൃശ്ശൂർ : പിന്‍തലമുറയ്ക്ക് ഓര്‍മ്മിക്കാന്‍ കഴിയും വിധം ദുരന്തങ്ങളെ രേഖപ്പെടുത്തി വെയ്ക്കുക കൂടിയാണ് ദുരന്തനിവാരണത്തിനുളള മുഖ്യ മുന്‍കരുതല്‍ മാര്‍ഗ്ഗങ്ങളിലൊന്ന് എന്ന് യു എന്‍ ദുരന്തനിവാരണ സമിതി അംഗം മുരളി തുമ്മാരുകുടി പറഞ്ഞു. ഗാന്ധിജയന്തി വാരാചരണത്തിന്‍റെ സമാപനത്തിന്‍റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുന്‍കരുതലും പ്രയോഗവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിലെ യുദ്ധങ്ങളെപ്പറ്റി വിശദമായി പാഠപുസ്തകങ്ങളിലും മറ്റു പഠിക്കുന്നവരാണ് നമ്മള്‍ എന്നാല്‍ നമ്മുടെ നാട്ടിലുണ്ടായ പ്രകൃതി ദുരന്തങ്ങളെ രേഖപ്പെടുത്താനോ പിന്നീട് ഓര്‍മ്മിക്കാനോ നമ്മള്‍ തയ്യാറാവുന്നില്ല. ഏതൊരു ദുരന്തവും ആ തലമുറയോടെ അവസാനിക്കും. ആവര്‍ത്തിക്കപ്പെടുന്ന ദുരന്തമാണെങ്കില്‍ പിന്‍തലമുറ ആ ദുരന്തകെണിയില്‍ വീഴും. ദുരന്തസാധ്യത എന്ത്, എത്ര, എവിടെ വരെ എന്നറിയുന്നതിന് കഴിഞ്ഞ ദുരന്തങ്ങളെ അടയാളപ്പെടുത്തി രേഖയാക്കി സൂക്ഷിക്കുന്നത് നല്ലതാണ്. ഇക്കാര്യത്തില്‍ നാം ജപ്പാനെ മാതൃകയാക്കേണ്ടതുണ്ട്. ഐക്യകേരളത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇക്കഴിഞ്ഞ വെളളപ്പൊക്കം. പൊതുഇടങ്ങളില്‍ ഇക്കഴിഞ്ഞ വെളളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ജലനിരപ്പ് അടയാളപ്പെടുത്തേണ്ടതുണ്ട്.

Astrologer

പുഴയുടെയും കടലിന്‍റെയും തീരത്ത് വീട് വെയ്ക്കുന്നതിനെ നിരുത്സാഹപ്പെടുത്തണം. കേരളത്തില്‍ പത്ത് ലക്ഷത്തിലധികം ഫ്ളാറ്റുകളാണ് താമസിക്കാന്‍ ആളില്ലാതെയുളളത്. ഇതിന് സര്‍ച്ചാര്‍ജ്ജ് ഏര്‍പ്പെടുത്തണം. ദുരന്തനിവാരണം വികേന്ദ്രീകൃതമായി നടപ്പാക്കേണ്ടതുണ്ട്. ഒരു സിവില്‍ ഡിഫന്‍സ് സംവിധാനം കേരളത്തില്‍ വളര്‍ന്ന് വരണം. അതിനുളള പരിശീലനം പൊതുജനങ്ങള്‍ക്ക് നല്‍കണം. പുതിയ ഡാമുകളുടെ ആവശ്യം കേരളത്തിനില്ലെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. സൗരോര്‍ജ്ജത്തിന്‍റെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ലോകത്തുണ്ടായിരികൊണ്ടിരിക്കുന്നത്. വൈദ്യുതോല്‍പാദനത്തിനും വെളളപ്പൊക്ക നിയന്ത്രണത്തിനുമായി പുതിയ ഡാമുകളുടെ ആവശ്യമില്ല. അദ്ദേഹം സൂചിപ്പിച്ചു.

ജില്ലാ കളക്ടര്‍ ടി വി അനുപമ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകനായ സുനില്‍കുമാര്‍, സബ് കളക്ടര്‍ ഡോ. രേണുരാജ്, അസിസ്റ്റന്‍റ് കളക്ടര്‍ പ്രേംകൃഷ്ണന്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു