Madhavam header
Above Pot

സി. മുസ്താഖലി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

ചാവക്കാട്: കോണ്‍ഗ്രസിലെ സി.മുസ്താഖലിയെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു.ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് മുസ്താഖലി വിജയിച്ചത്.13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് മൂന്നും അംഗങ്ങളാണ് ഉള്ളത്. എല്‍.ഡി.എഫില്‍ നിന്ന് മൂസ ആലത്തയില്‍ ആണ് മത്സരിച്ചത്.യു.ഡി.എഫ്. ധാരണപ്രകാരമാണ് പ്രസിഡന്റായിരുന്ന മുസ്ലീം ലീഗിലെ എം.എ. അബൂബക്കര്‍ രാജിവെച്ച് കോണ്‍ഗ്രസിലെ സി.മുസ്താഖലിയെ തിരഞ്ഞെടുത്തത്.

ആദ്യത്തെ രണ്ടര വര്‍ഷം കോണ്‍ഗ്രസിലെ ഉമ്മര്‍ മുക്കണ്ടത്ത് ആയിരുന്നു പ്രസിഡന്റ്.തുടര്‍ന്ന് ഒന്നര വര്‍ഷം പ്രസിഡന്റ് സ്ഥാനം ലീഗിന് നല്‍കി.അവസാനത്തെ ഒരു വര്‍ഷം വീണ്ടും കോണ്‍ഗ്രസിനു നല്‍കണമെന്ന യു.ഡി.എഫ്. ധാരണയെ തുടര്‍ന്നായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് ആറും മുസ്‌ലീം ലീഗിന് നാലും അംഗങ്ങളാണ് ഉള്ളത്.എം.എ.അബൂബക്കര്‍ സി.മുസ്താഖലിയുടെ പേര് നിര്‍ദേശിച്ചു. എം.വി.ഹൈദരാലി പിന്താങ്ങി. സത്യപ്രതിജ്ഞക്കു ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ ഉമ്മര്‍ മുക്കണ്ടത്ത്, എം.വി.ഹൈദരാലി, ആര്‍.പി. ബഷീര്‍, സി.എ.ഗോപപ്രതാപന്‍, പി.കെ. ഫസലുല്‍ അലി, കെ.ഡി.വീരമണി, പി.യതീന്ദ്രദാസ്, എ.എം.അലാവുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Vadasheri Footer