തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ആരംഭിച്ചു

">

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഹൃദയ രോഗികള്‍ക്ക് വേണ്ടി ഹൃദയം തുറന്നുളള ബൈപാസ്ശസ്ത്രക്രിയ ആരംഭിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് ഹൃദയ സംബന്ധമായ പരിചരണങ്ങള്‍ഇനി കൂടുതല്‍ എളുപ്പമാകും. ഒന്നരമാസമായി നെഞ്ചു വേദനമൂലം ബുദ്ധിമുട്ടിലായിരുന്ന വിയ്യൂര്‍ സ്വദേശി 45 വയസുകാരന്‍ സുനില്‍കുമാറാണ് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി ഹൃദയം തുറന്നുള്ള ബൈപാസ്ശസ്ത്രക്രിയക്ക് വിധേയനായത്.

ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. കൊച്ചുകൃഷ്ണന്‍റെയും അനസ്ത്യേഷ്യ വിഭാഗം മേധാവി ഡോ. ജെയിംസ് ചാക്കോയുടെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ആറ് മണിക്കൂര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. പരിശോധനകളിലൂടെ ബൈപാസ് ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികള്‍ക്ക് ആഴ്ചയില്‍ ഓരോ ശസ്ത്രക്രിയ വീതം ചെയ്യാനുള്ള സംവിധാനമാണ് നിലവിലുള്ളത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ശസ്ത്രക്രിയ വിഭാഗത്തില്‍ രോഗികള്‍ക്ക് സൗജന്യമായിട്ടാണ് സേവങ്ങള്‍ ലഭ്യമാകുന്നത്.

കൃത്യമായ പരിശീലനം ലഭിച്ച പത്തു പേരടങ്ങുന്ന ജീവനക്കാരുടെ സംഘമാണ് മെഡിക്കല്‍ കോളേജിലെ ആദ്യത്തെ ബൈപാസ് ശസ്ത്രക്രിയ വിജയമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മെഡിക്കല്‍ കോളേജിന്‍റെ ചരിത്രത്തില്‍ ആദ്യമായി ബൈപാസ് ശസ്ത്രക്രിയ നടത്തിയതിനു പിന്നില്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് വിഭാഗം നല്‍കിയ പിന്തുണ വളരെ വലുതാണെന് ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. കൊച്ചുകൃഷ്ണന്‍ പറഞ്ഞു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി എത്തുന്ന രോഗികള്‍ക്ക് സാമ്പത്തിക കഷ്ടതകള്‍ ഇല്ലാതെ മെച്ചപ്പെട്ട സേവനം നല്‍കാന്‍ മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന് കഴിയും. സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Sponsors