മാണിയുടെ പാലായില്‍ സെപ്തംബര്‍ 23-ന് വോട്ടെടുപ്പ്
ദില്ലി: കെഎം മണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലാ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാല് സംസ്ഥാനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കൂട്ടത്തിലാണ് പാലായില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 23-നാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ആഗസ്റ്റ് 28-ന് പാലയടക്കം നാല് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കും. സെപ്തംബര്‍ നാല് വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. 23-ന് വോട്ടെടുപ്പ് കഴിഞ്ഞ് സെപ്തബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
ഇനി ഒരു മാസം പോലും ഉപതെരഞ്ഞെടുപ്പിനില്ല എന്നത് മൂന്ന് മുന്നണികള്‍ക്കും വെല്ലുവിളിയാവും. അതേസമയം ഒഴിഞ്ഞു കിടക്കുന്ന കോന്നി, അടൂര്‍, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങലിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് ഒരുമിച്ച് നടക്കാനാണ് സാധ്യത. പാലാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നവംബര്‍ മാസത്തില്‍ അഞ്ച് ഉപതെരഞ്ഞെടുപ്പുകളും കൂടി നടക്കാനാണ് സാധ്യത. യുഡിഎഫിന്‍റെ ഉറച്ച കോട്ടയായാണ് ചരിത്രത്തില്‍ പാലാ മണ്ഡലത്തെ രേഖപ്പെടുത്തിയിട്ടുള്ളത്. മണ്ഡലം രൂപീകരിച്ച ശേഷം ഇതുവരേയും പാലായില്‍ നിന്നും കെഎം മാണിയല്ലാതെ മറ്റൊരാള്‍ അവിടെ നിന്നും ജയിച്ചിട്ടില്ല. എല്ലാക്കാലത്തും വലിയ ഭൂരിപക്ഷത്തിന് പാലായില്‍ നിന്നും ജയിച്ചിട്ടുള്ള മാണി പക്ഷേ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്നും 5000-ത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ജയിച്ചത്. മാണിയുടെ ഭരണത്തിന് ശേഷം കേരള കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ചേരിപ്പോരും കാര്യങ്ങള്‍ യുഡിഎഫിന് സങ്കീര്‍ണമാക്കുന്നു.
എല്‍ഡിഎഫില്‍ എന്‍സിപിയാണ് നിലവില്‍ പാലാ സീറ്റില്‍ മത്സരിച്ചു വരുന്നത്. കഴിഞ്ഞ തവണ മാണിയോട് ശക്തമായി മത്സരിച്ച മാണി സി കാപ്പന്‍ തന്നെ ഇക്കുറിയും അവിടെ മത്സരിക്കാനാണ് സാധ്യത. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ ആഘാതത്തില്‍ നിന്നും പൂര്‍ണമായും കരകയറും മുന്‍പാണ് ഇടതുമുന്നണി പാലായില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. ശബരിമല വിഷയം സജീവമായ മേഖലകളിലൊന്നാണ് കോട്ടയം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോട്ടയത്ത് യുഡിഎഫ് ജയിച്ചത് എന്നതും എല്‍ഡിഎഫിന്‍റെ ചങ്കിടിപ്പേറ്റുന്നു. എന്‍ഡിഎയില്‍ ബിഡിജെഎസ് ഈ സീറ്റിനായി വാദമുന്നിയിക്കാന്‍ സാധ്യതയുണ്ടെങ്കിലും പാര്‍ട്ടി തന്നെ ഇവിടെ മത്സരിക്കണമെന്നാണ് ബിജെപി ജില്ലാഘടകത്തിന്‍റെ വികാരം.