1000 by 319 pixels

നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയായി.

Star

ദില്ലി: നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയായി. സംസ്ഥാനനേതൃത്വം അയച്ച പട്ടിക അതേപടി അംഗീകരിക്കുകയാണ് കേന്ദ്രനേതൃത്വം ചെയ്തിരിക്കുന്നത്. സോണിയാഗാന്ധിയാണ് പട്ടികയ്ക്ക് അന്തിമ അനുമതി നൽകിയത്. അരൂരിൽ അഡ്വ. ഷാനിമോൾ ഉസ്മാനും, അരൂരിൽ പി മോഹൻരാജും, വട്ടിയൂർക്കാവിൽ മുൻ എംഎൽഎയും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായ ഡോ. കെ മോഹൻകുമാറും എറണാകുളത്ത് മുൻ ഡെപ്യൂട്ടി സ്പീക്കർ ടി ജെ വിനോജുമാണ് സ്ഥാനാർത്ഥികൾ. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിയായി എം സി ഖമറുദ്ദീനെ പ്രഖ്യാപിച്ചിരുന്നു.

വട്ടിയൂർക്കാവ്

കെ മോഹൻ കുമാറിനെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കാമെന്ന് നേരത്തേ ധാരണയായിരുന്നതാണ്. ആദ്യം ഇവിടേയ്ക്ക് പരിഗണിച്ചിരുന്നത് മുൻ എംഎൽഎ പീതാംബരക്കുറുപ്പിനെയാണ്. പ്രാദേശിക നേതൃത്വം ശക്തമായ എതിർപ്പുയർത്തിയതിനെത്തുടർന്ന് കുറുപ്പിനെ മാറ്റി ഒടുവിൽ മോഹൻ കുമാറിന് തന്നെ നറുക്ക് വീഴുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾത്തന്നെ നേതൃത്വം പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന് കെ മോഹൻകുമാറും പറഞ്ഞിരുന്നതാണ്. തന്‍റെ നോമിനിയായിരുന്ന പീതാംബരക്കുറുപ്പിനെ ഒഴിവാക്കി മോഹൻകുമാറിനെ കളത്തിലിറക്കിയതിൽ മുൻ എംഎൽഎ കെ മുരളീധരനും എതിർപ്പില്ലെന്നാണ് സൂചന. മുൻ എംഎൽഎയായ മോഹൻകുമാർ മണ്ഡലത്തിലെ അടിയൊഴുക്കുകൾ അറിഞ്ഞ് പ്രചാരണം നടത്തി വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

അരൂർ

അരൂരിൽ വീണ്ടും അഡ്വ. ഷാനിമോൾ ഉസ്മാൻ തന്നെ ഇറങ്ങും. എ വിഭാഗമാണ് സ്ഥിരമായി അരൂർ മത്സരിച്ചുവന്നിരുന്നത്. കോന്നിയും അരൂരും ഇത്തവണ പാർട്ടിയിൽ തമ്മിൽ എ – ഐ വിഭാഗങ്ങൾ തമ്മിൽ വച്ചുമാറി. അതുകൊണ്ടുതന്നെ, കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗമായ ഷാനിമോൾ ഉസ്മാനെ സ്ഥാനാർത്ഥിയാക്കാൻ വെള്ളിയാഴ്ച വൈകിട്ട് നടന്ന ചർച്ചകളിൽ തീരുമാനിക്കുകയായിരുന്നു. എം ലിജുവിനെ ഇവിടെ മത്സരിക്കാൻ പരിഗണിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് മത്സരിച്ചപ്പോൾ എ എം ആരിഫിനെ മറികടന്ന് അരൂരിൽ ഷാനിമോൾക്ക് കിട്ടിയ വോട്ടുകളാണ് അവർക്ക് ഒടുവിൽ തുണയായത്. അങ്ങനെ, വീണ്ടും ഷാനിമോൾ ഒരു മത്സരത്തിനിറങ്ങുകയാണ്.

കോന്നി

സ്ഥാനാർത്ഥി നിർണയത്തിൽ വലിയ തമ്മിലടി നടന്ന സ്ഥലമാണ് കോന്നി. തന്‍റെ നോമിനിയായ റോബിൻ പീറ്ററിനെ കളത്തിലിറക്കണമെന്ന വാശിയിലായിരുന്നു അടൂർ പ്രകാശ്. എന്നാൽ ഈഴവ സ്ഥാനാർത്ഥിയെ അരൂരിലോ കോന്നിയിലോ ഇറക്കിയേ തീരൂ എന്ന സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇപ്പോൾ പി മോഹൻരാജിനെ ഡിസിസി ഇവിടേയ്ക്ക് പരിഗണിച്ചത്. റോബിൻ പീറ്ററിനെ താൻ സ്ഥാനമൊഴിഞ്ഞ കോന്നിയിലേക്ക് അടൂർ പ്രകാശ് നിർദേശിച്ചപ്പോൾ ഡിസിസിയിൽ നിന്ന് മത്സരിക്കാൻ സാധ്യത കൽപിക്കപ്പെട്ടിരുന്ന പഴകുളം മധു ഉൾപ്പടെയുള്ള നേതാക്കൾ പരസ്യമായി എതിർപ്പുമായി രംഗത്തിറങ്ങി. മാധ്യമങ്ങളിൽ പരസ്യപ്രതികരണം നടത്തുകയും ചെയ്തു. പത്തനംതിട്ട ഡിസിസി മുൻ പ്രസിഡന്‍റാണ് പി മോഹൻരാജ്. എ ഗ്രൂപ്പിന്‍റെ അക്കൗണ്ടിലാണ് പി മോഹൻരാജ് കോന്നിയിൽ കളത്തിലിറങ്ങുന്നത്. അടൂർ പ്രകാശിന് ഇതിൽ കടുത്ത അതൃപ്തിയുണ്ടായിരുന്നു. വിമത സ്ഥാനാർത്ഥിയായി റോബിൻ പീറ്ററിനെ ഇറക്കുന്ന കാര്യം പോലും ഒരു ഘട്ടത്തിൽ അടൂർ പ്രകാശ് പരിഗണിച്ചു. ഒടുവിലിപ്പോൾ അടൂർ പ്രകാശിനെ അനുനയിപ്പിക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ് സംസ്ഥാന നേതൃത്വം.

എറണാകുളം

മുൻ എംഎൽഎ കെ വി തോമസിനെ തഴഞ്ഞാണ് ടി ജെ വിനോദിനെ കോൺഗ്രസ് എറണാകുളത്ത് കളത്തിലിറക്കുന്നത്. എറണാകുളം ഡിസിസി പ്രസിഡന്‍റായ ടി ജെ വിനോദിന് ഇത് കന്നിയങ്കമാണ്. തന്‍റെ പേര് കൂടി സാധ്യതാ പട്ടികയിൽ പെടുത്തണമെന്ന് കെ വി തോമസ് ശക്തമായി ആവശ്യപ്പെട്ടതാണ്. ഒടുവിൽ അവസാനനിമിഷം അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. സ്ഥാനാർ‍ത്ഥിത്വത്തിനായി കെ വി തോമസ് ദില്ലിയിൽ നേരിട്ട് പോയി സോണിയാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കണ്ടിരുന്നു. ലോക്സഭയിൽ തന്നെ തഴഞ്ഞപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്നുറപ്പ് നൽകിയതാണെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നികിനെ അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു. എന്നാൽ ഹൈബി പക്ഷത്തിന് ഇതിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. ഹൈബിയും ദില്ലിയിലെത്തി നേതാക്കളെ കണ്ടു. കെ വി തോമസ് കളത്തിലിറങ്ങുന്നതിനെതിരെ എറണാകുളം ഡിസിസിയിൽ പോസ്റ്ററടക്കം പതിച്ച സാഹചര്യത്തിലാണ് ഒടുവിൽ ഇപ്പോൾ ടി ജെ വിനോദിനെത്തന്നെ കളത്തിലിറക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.