
ബസും, പിക്കപ്പും, കാറും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്

കുന്നംകുളം: പന്നിത്തടം സെന്ററിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നിരവധി അയ്യപ്പഭക്തർക്ക് പരിക്ക്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ ബസും, ഡി.ജെ സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും, കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം.

പാവറട്ടിയിൽ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പാലക്കാട് നെന്മാറ സ്വദേശികളായ ഡി.ജെ സംഘത്തിന്റെ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. കേച്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന തീർത്ഥാടകരുടെ ബസിലും അക്കിക്കാവ് ഭാഗത്തുനിന്ന് വന്ന കാറിലുമാണ് വാനിടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാൻ നിർത്താൻ ശ്രമിച്ചെങ്കിലും ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ഇടിയുടെ ആഘാതത്തിൽ തീർത്ഥാടകരുടെ ബസ് റോഡരികിലെ തട്ടുകടകളിലേക്ക് ഇടിച്ചുകയറി. ബസും പിക്കപ്പ് വാനും റോഡിൽ മറിഞ്ഞ നിലയിലായിരുന്നു.
അപകടം നടന്ന ഉടനെ കുന്നംകുളം അഗ്നി രക്ഷാ സേനയും നാട്ടുകാരും യൂത്ത് വോയ്‌സ്, അൽ അമീൻ ആംബുലൻസ് പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ 14 പേരെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

