സ്കാനിയ ബസ് ഉൾപ്പെടെ നാലു കെ.എസ്.ആർ.ടി.സി ബസ്സുകളുടെ ചില്ലുകൾ തകർത്ത മെഡിക്കൽ ഷോപ് ഉടമ അറസ്റ്റിൽ
കുന്നംകുളം: സ്കാനിയ ബസ് ഉൾപ്പെടെ നാലു കെ.എസ്.ആർ.ടി.സി ബസ്സുകളുടെ ചില്ലുകൾ കല്ലെറിഞ്ഞു തകർത്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കുന്നംകുളം കാണിയാമ്പാൽ സ്വദേശി യാനി ആണ് പിടിയിലായത്.
ഈ മാസം എട്ടിനായിരുന്നു ആദ്യ സംഭവം ഉണ്ടായത്. തൃശൂർ കുന്നംകുളം റോഡിലൂടെ പുലർച്ചെ സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന്റെ ചില്ല് എറിഞ്ഞു തകർത്തു. പേരാമംഗലം പൊലീസ് ഈ കേസ് അന്വേഷിക്കുന്നതിടെ പതിനാലാം തീയതി പുലർച്ചെ പുതിയ സ്കാനിയ ബസ്സിന്റെ ചില്ലും കല്ലെറിഞ്ഞ് തകർത്തു. ഈമാസം പതിനെട്ടിന് രണ്ട് കെഎസ്ആര്‍ടി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെയാണ്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ രൂപീകരിച്ച സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചത്. അക്രമമുണ്ടായ പരിസരങ്ങളിൽ നിരീക്ഷണം നടത്തിയും, 200 ലേറെ സിസിടിവി ക്യാമറദൃശ്യങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായ പ്രതി കുന്നംകുളത്ത് മെഡിക്കൽ ഷോപ്പ് നടത്തുന്നയാളാണ്. ബൈക്ക് റേസിങ്ങാണ് ഇഷ്ട വിനോദം. ഈമാസം എട്ടിന് ഇയാൾ സ്വകാര്യ വാഹനത്തിൽ യാത്രചെയ്യുമ്പോൾ മുന്നിൽ പോയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സൈഡ് നല്‍കാത്തതാണ് ഇയാളുടെ പകയ്ക്ക് കാരണം. പിന്നീട് അങ്ങോട്ട് രാത്രി ഒളിഞ്ഞിരുന്ന് കെ.എസ്.ആർ.ടി.സി ബസ്സുകൾക്കു നേരെ കല്ലെറിയുന്നത് ഇയാൾ പതിവാക്കി. പ്രതി ലഹരി വസ്തുക്കൾക്ക് അടിമയാണോ എന്നതും പരിശോധിക്കുന്നുണ്ട്.