ബ്രാഞ്ച് സെക്രട്ടറി സനൂപ് വധം ,പിടിയിലായ പ്രതികളുമായി തളിവെടുപ്പ് നടത്തി

Above article- 1

കുന്നംകുളം: കുന്നംകുളത്ത് ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ പോലീസ് പിടിയിലായ പ്രതികളെ സംഭവ സ്ഥലമായ എയ്യാല്‍ ചിറ്റലങ്ങാട് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. പ്രധാന പ്രതികളായ ചിറ്റലങ്ങാട് ആലിക്കല്‍ വീട്ടില്‍ സുജയ്കുമാര്‍, കുഴിപറമ്പില്‍ സുനീഷ് എന്നിവരുമായാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. പ്രതികള്‍ ആക്രമിക്കാന്‍ ഉപയോഗിച്ച വെട്ടുകത്തിയും ഇരുമ്പ് ദണ്ഡും പോലീസ് കണ്ടെടുത്തു. സുനീഷ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയെന്നും, സുജയ് കുമാര്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചുവെന്നും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ വേലൂര്‍ തണ്ടിലം പാടശേഖരത്തില്‍ വെച്ചാണ് ഈ രണ്ടു പ്രതികളും പിടിയിലായത്. ചിറ്റിലങ്ങാട് കുടിവെള്ള ടാങ്കിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് പ്രതികള്‍ ആയുധം ഉപേക്ഷിച്ചിരുന്നത്. തെളിവെടുപ്പിനിടയില്‍ പ്രതികളാണ് ആയുധങ്ങള്‍ പോലീസിന് എടുത്ത് നല്‍കിയത്. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങള്‍ പോലീസിന് കാണിച്ച് കൊടുത്തു. അതേ സമയം സനൂപിനെ കുത്തി കൊലപ്പെടുത്തിയ ഒന്നാം പ്രതി ചിറ്റിലങ്ങാട് തറയില്‍ വീട്ടില്‍ നന്ദനന്‍ ഉപയോഗിച്ച കത്തി പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. റിമാന്റില്‍ കഴിയുന്ന നന്ദനനെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് തെളിവെടുപ്പ് നടത്തും. കുന്നംകുളം എ.സി.പി ടി.എസ് സിനോജ്, എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ കെ.കെ.ഭൂപേഷ്, എസ്.ഐ അബ്ദുള്‍ ഹഖീം എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

Vadasheri Footer