കള്ളപ്പണം, വിവരങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷന്‍.

">

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷന്‍. കേന്ദ്ര മന്ത്രിമാര്‍ക്കെതിരായ അഴിമതിയുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും മുഖ്യ വിവരാവകാശ കമ്മീഷണര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. 2014 മുതല്‍ 2017 വരെയുള്ള കാലയളവിലുണ്ടായിട്ടുള്ള പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാണ് വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാത്തൂര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം  വിദേശത്തുനിന്ന് ഇന്ത്യയില്‍ എത്തിച്ച കള്ളപ്പണത്തിന്റെ അളവും മൂല്യവും സംബന്ധിച്ച വിവരങ്ങളും, ഇതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ രേഖാമൂലമുള്ള വിവരങ്ങളും നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച കള്ളപ്പണത്തില്‍ എത്ര തുക ഇന്ത്യന്‍ പൗരന്‍മാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച വിവരങ്ങളും നല്‍കാനും നിര്‍ദേശമുണ്ട്.

ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സഞ്ജയ് ചതുര്‍വേദി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ തീരുമാനമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷന്റെ നിര്‍ദേശം. കള്ളപ്പണം സംബന്ധിച്ച് ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍, വിവരാവകാശ നിയമപ്രകാരം ‘നല്‍കേണ്ട വിവരങ്ങ’ളുടെ നിര്‍വചനത്തിനുള്ളില്‍ വരുന്നതല്ലെന്നണ് പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്തിരുന്ന നിലപാട്. എന്നാല്‍ ഇത് തെറ്റായ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ കമ്മീഷന്‍ തള്ളി തള്ളിയിരുന്നു.

മുന്‍പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് തൃപ്തികരമായ മറുപടികള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് സഞ്ജയ് ചതുര്‍വേദി മുഖ്യ വിവരാവകാശ കമ്മീഷന് അപേക്ഷ നല്‍കിയത്. മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്മാര്‍ട്ട് സിറ്റി പദ്ധതി തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ വ്യത്യസ്ത പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും നല്‍കണമെന്ന് സഞ്ജയ് ചതുര്‍വേദിയുടെ വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാനും അതാത് മന്ത്രാലയങ്ങള്‍ക്ക് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors