ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വെള്ളിയാഴ്ച മുതല്‍
ചാവക്കാട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രിയ മധു വാർത്ത
സമ്മേളനത്തില്‍ അറിയിച്ചു. വെളളിയാഴ്ച രാവിലെ 9.30-ന് നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനസമ്മേളനം റിട്ട.ഡി.ജി.പി. ഡോ.ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും.
കലാമണ്ഡലം ഹൈമാവതി ദീപ പ്രോജ്ജ്വലനം നിര്‍വ്വഹിക്കും. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ.എസ്.ജയചന്ദ്രന്‍ അധ്യക്ഷനാവും. 26 സ്‌കൂളുകളില്‍നിന്നായി 1300-നടുത്ത് വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുക. ഏഴ് വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. എല്‍.പി. വിഭാഗത്തില്‍ 22 ഇനങ്ങളിലും യു.പി. വിഭാഗത്തില്‍ 42 ഇനങ്ങളിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 52 ഇനങ്ങളിലുമാണ് മത്സരങ്ങള്‍.
കലോത്സവത്തിന്റെ സമാപന സമ്മേളനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. കലോത്സവത്തിന്റെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ കഴിഞ്ഞ രണ്ടിനും പന്തല്‍ കാല്‍നാട്ടുകര്‍മ്മം ആറിനും നടന്നു. കലോത്സവത്തിനായി 101 അംഗങ്ങളുള്ള സ്വാഗതസംഘം രൂപവത്ക്കരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. താമസ സൗകര്യം ആവശ്യപ്പെട്ടിട്ടുള്ള രണ്ട് സ്‌കൂളുകള്‍ക്ക് അതിനുള്ള സൗകര്യവും കലോത്സവത്തിനെത്തുന്നവര്‍ക്ക് മൂന്ന് നേരം ഭക്ഷണത്തിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
സ്വാഗതസംഘം ഭാരവാഹികളായ എന്‍.എ.അഞ്ജു, കെ.ബി.സബിത, എം.കെ. സജീവ് കുമാര്‍, അന്‍മോല്‍ മോത്തി എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.