ജയിലിൽ പോകാൻ തയ്യാറാണ് എന്ന് പറഞ്ഞവർ മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയിൽ .
കൊച്ചി: ഫെമിനിസ്റ്റുകള്‍ക്കെതിരെ അശ്ളീലം പറഞ്ഞ് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ മര്‍ദ്ദിച്ച കേസില്‍ പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.നേരത്തെ ജയിലിൽ പോകാനും തയ്യാറാണ് എന്ന് പറഞ്ഞവരാണ് പോലീസ് അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യ ഹര്ജിയുമായി ഹൈക്കടതിയെ സമീപിക്കുന്നത് . ഹര്‍ജി നാളെ പരിഗണിച്ചേക്കും.
സെപ്തംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം. അശ്ളീല സന്ദേശങ്ങളുമായി വിജയ് പി.നായര്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് ഭാഗ്യലക്ഷ്മിയും കൂട്ടരും ചേര്‍ന്ന് ഇയാളെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മര്‍ദ്ദിച്ചെന്നും മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയവ മോഷ്ടിച്ചെന്നുമാണ് കേസ്. ഭാഗ്യലക്ഷ്മിയും കൂട്ടരും മുഖത്തടിച്ചും ശരീരത്തില്‍ മഷിയൊഴിച്ചും ഇയാളെ ആക്രമിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വീഡിയോയിലെ പരാമര്‍ശങ്ങള്‍ തനിക്ക് എതിരെയാണെന്ന നിഗമനത്തിലാണ് ഭാഗ്യലക്ഷ്മി ഇയാളെ ആക്രമിച്ചതെന്നും പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
സെപ്തംബര്‍ 25നാണ് ഇത്തരമൊരു വീഡിയോ യൂട്യൂബില്‍ പ്രചരിക്കുന്നതായി അറിഞ്ഞതെന്നും അന്നുതന്നെ ശ്രീലക്ഷ്മി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. 26ന് വിജയ് പി. നായര്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് വിളിച്ചു. പരാതി നല്‍കിയിട്ടും തുടര്‍ നടപടിയെടുക്കാനോ വീഡിയോ നീക്കം ചെയ്യാനോ പൊലീസ് തയ്യാറാകാത്തതുകൊണ്ട് ഒത്തു തീര്‍പ്പു ചര്‍ച്ചയ്ക്കായി പോയി. ശ്രീനിവാസ് ലോഡ്ജിലെത്തിയ തങ്ങളെ ആക്രമിച്ചെന്ന് വ്യക്തമാക്കി രാത്രി എട്ടു മണിയോടെ തമ്ബാനൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് രാത്രി 11 മണിയോടെയാണ് തങ്ങള്‍ ആക്രമിച്ചെന്നാരോപിച്ച് വിജയ് പി.നായര്‍ പരാതി നല്‍കിയത്. ഒത്തുതീര്‍പ്പിന് വിളിച്ചതിനാലാണ് അവിടെ പോയത്. ഇതിനാല്‍ അതിക്രമിച്ചു കയറിയെന്ന കുറ്റം നിലനില്‍ക്കില്ല. ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ചെന്ന ആരോപണവും ശരിയല്ല. ഇവയൊക്കെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു.