പൊതു സ്ഥലത്തെ ബാനറുകളും ബോർഡുകളും 30 ദിവസത്തിനുള്ളിൽ നീക്കണം : ഹൈക്കോടതി
കൊച്ചി: പൊതുസ്ഥലത്തെ അനധികൃത ബാനറുകളും ബോർഡുകളും കൊടി തോരണങ്ങളും 30 ദിവസത്തിനകം തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നീക്കം ചെയ്യണമെന്ന് ഹൈകോടതി. ഇവ സ്ഥാപിച്ചവർക്ക് തന്നെ തിരികെ നൽകണം. ഇക്കാര്യം വ്യക്തമാക്കി പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർമാർ മൂന്നു ദിവസത്തിനകം സർക്കുലർ ഇറക്കണം.
നിശ്ചിത സമയത്തിനുശേഷവും അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യാനായില്ലെങ്കിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും ഫീൽഡ് ജീവനക്കാർക്കുമെതിരെ നടപടിയുണ്ടാവുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന് വിധിയിൽ മുന്നറിയിപ്പ് നൽകി. പൊതുസ്ഥലങ്ങളിലെ അനധികൃത ബാനറും ബോർഡുകളും നീക്കണമെന്ന ഹരജികളിലാണ് ഇടക്കാല ഉത്തരവ്. പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ബോർഡുകളിലും ബാനറുകളിലും തയാറാക്കിയ പരസ്യ ഏജൻസികളുടെയും പ്രസിന്റെയും മേൽവിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തണം.
ബോർഡിന്റെ താഴെ ശ്രദ്ധിക്കുന്ന തരത്തിൽ ഇവ രേഖപ്പെടുത്തണമെന്നും നിയമലംഘനമുണ്ടെന്ന് കണ്ടാൽ അധികൃതർക്ക് നടപടിയെടുക്കാനാണ് ഇതെന്നും ഉത്തരവിൽ പറയുന്നു. നിയമലംഘനമുണ്ടെന്ന് കണ്ടെത്തിയാൽ പരസ്യ ഏജൻസിയുടെയും പ്രസിന്റെയും ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കാം. ഫെബ്രുവരി 21 ന് ഹരജികൾ വീണ്ടും പരിഗണിക്കും