ചാവക്കാട് ബാലാമണിയമ്മ സ്മാരക വനിതാ മന്ദിരം ഉദ്ഘാടനം ചെയ്തു
ചാവക്കാട്: സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച ബാലാമണിയമ്മ സ്മാരക വനിതാ മന്ദിരം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു . ഷീ സ്റ്റേയും ഷോപ്പിംഗ് കോംപ്ലക്സും അടങ്ങിയ ബാലാമണിയമ്മ വനിതാ മന്ദിരം മന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ് നാടിന് സമർപ്പിച്ചത്.
ചാവക്കാട് നഗരസഭ 2018-19, 2019-20 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 2.6 കോടി ചെലവിട്ടാണ് വനിതാ മന്ദിരം നിർമ്മിച്ചിരിക്കുന്നത്.
നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. മൂന്ന് നിലകളിലായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ ആദ്യ രണ്ട് നിലകളിലായി 21 മുറികൾ വനിതകൾക്ക് വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള ഷോപ്പിംഗ് കോംപ്ലക്‌സാണ്. മൂന്നാം നിലയിൽ വനിതകൾക്ക് താമസിക്കുന്നതിന് അടുക്കളയും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള 6 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരു മുറിയിൽ രണ്ട് പേർക്ക് താമസിക്കാം. സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ള എസ് സി വിഭാഗത്തിൽപ്പെട്ട വനിതാ സംരംഭകർക്ക് വേണ്ടി രണ്ടു മുറിയും ഭിന്നശേഷിയുള്ളവർക്ക് ഒരു മുറിയും സംവരണം ചെയ്തിട്ടുണ്ട്.
ചടങ്ങിൽ കെ. വി അബ്ദുൽ ഖാദർ എംഎൽഎ അധ്യക്ഷനായി. മന്ദിരത്തിന്റെ ശിലാഫലകം എംഎൽഎ അനാച്ഛാദനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർമാൻ എൻ. കെ അക്ബർ, വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, വാർഡ് കൗൺസിലർ ശാന്താ സുബ്രഹ്മണ്യൻ, ബേബി ഫ്രാൻസിസ്, പ്രീജ ദേവദാസ്, നഗരസഭാ സെക്രട്ടറി കെ. ബി വിശ്വനാഥൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ തുടങ്ങിയവർ പങ്കെടുത്തു.