Madhavam header
Above Pot

ന്യൂനമർദ്ദം: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

തൃശൂർ : ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂനമർദ്ദം രൂപപ്പെട്ടുവരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ഏപ്രിൽ 27 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 27ന് അതിരാവിലെ 12 മണിയോടെ തന്നെ ഏറ്റവും അടുത്തുള്ള തീരത്തെത്തിച്ചേരണമെന്നും അറിയിച്ചു.
ഏപ്രിൽ 25 രാത്രി 11.30 വരെ തീരത്ത് 1.5മീറ്റർ മുതൽ 2.2 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാനും പ്രസ്തുത പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ഏപ്രിൽ 25ഓടെ ന്യൂനമർദ്ദം രൂപംകൊണ്ടു വരുന്നതായാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചത്.
അതിന്റെ ഫലമായി 25ന് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാവാനും 26ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയാവാനും 27ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മുതൽ 70കിലോമീറ്റർ വരെയാവാനും 28ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 80 മുതൽ 90കിലോമീറ്റർ വരെയും തമിഴ് നാട് തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ട്.

Vadasheri Footer