അബുദാബിയില്‍ വാഹനം കത്തി ചങ്ങരംകുളം , ചാലിശ്ശേരി സ്വദേശികൾ അടക്കം മൂന്നു ഇന്ത്യക്കാർ കൊല്ലപ്പെട്ടു
അബുദാബി: അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മലയാളികളുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നഗരത്തില്‍ നിന്നും 230 കിലോമീറ്റര്‍ അകലെ ഹലീബില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായത്.
ഡ്രൈവറായ മലപ്പുറം ചങ്ങരംകുളം മൂക്കുതല നരണിപ്പുഴ സ്വദേശി മഠത്തില്‍ ബാപ്പു ഹാജിയുടെ മകന്‍ ഇബ്രാഹിം(55), പാലക്കാട് ചാലിശ്ശേരി സ്വദേശിയായ സീനിയര്‍ കമ്മീഷണിങ് എഞ്ചിനീയര്‍ രാജു ചീരന്‍ സാമുവല്‍(42), ഗുജറാത്ത് സ്വദേശി കമ്മിഷണിങ് എഞ്ചിനീയര്‍ പങ്കിള്‍ പട്ടേല്‍(26) എന്നിവരാണ് അപകടത്തില്‍ മരിച്ച ഇന്ത്യക്കാര്‍.
അപകടത്തില്‍ മരണപ്പെട്ട മറ്റ് രണ്ടുപേര്‍ സ്വദേശികളാണ്. വ്യാഴാഴ്ച രാവിലെ 8.45നായിരുന്നു അപകടം ഉണ്ടായത്. അസബിലെ താമസസ്ഥലത്ത് നിന്ന് ഹലീബിലെ ഓയില്‍ഫീല്‍ഡിലേക്ക് പോകുകയായിരുന്നു. ഇബ്രാഹിം ഓടിച്ച പ്രാഡൊ ഉള്‍റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടെ അമിതവേഗത്തിലെത്തിയ ലാന്‍ഡ്ക്രൂയിസര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപ്പിടിച്ചു. നാലുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മറ്റൊരു സ്വദേശിക്ക് ഗുരുതര പരിക്കേറ്റു.