Madhavam header
Above Pot

അട്ടപാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ , അന്വേഷണം വേണം കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് വെടിയുണ്ടയല്ല പരിഹാരമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് എതിരായ നിലപാടാണ് ഇടത് പാർട്ടികളുടേതെന്നും കാനം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാലും ചെയ്യാൻ പാടില്ലാത്തതാണ് അട്ടപ്പാടിയിൽ പോലീസ് ചെയ്തത്. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ ആണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. തലയിൽ വെടിയേറ്റത് ഇതാണ് സൂചിപ്പിക്കുന്നത്. മണിവാസകം ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ആളാണെന്നാണ് വിവരം. ഒരു പോലീസുകാരനെങ്കിലും പരിക്കേറ്റിട്ടുണ്ടോ?” എന്നും കാനം ചോദിച്ചു.
മുഖ്യമന്ത്രിയുടെ നിലപാട് തള്ളിയ കാനം അർത്ഥശൂന്യമായ നിലപാട് പാടില്ലെന്നും വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ കൊലപാതകത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വേണമെന്ന് പറഞ്ഞ കാനം, ജനങ്ങളെ സത്യാവസ്ഥ അറിയിക്കണം എന്നും ആവശ്യപ്പെട്ടു.

Astrologer

“എല്ലാ വനത്തിലും തെരച്ചിൽ നടന്നോണ്ടിരിക്കുകയാണ്. മൂന്ന് നാല് സംസ്ഥാനങ്ങൾ ചേർന്നുള്ള തെരച്ചിലാണ്. ഈ പറയുന്ന ഏറ്റുമുട്ടലിൽ ഉള്ളവരെല്ലാം കേരളത്തിൽ നിന്നുള്ളവർ ആകണമെന്നില്ല. കേന്ദ്രത്തിലെ പൊലീസിന്റെയും കേരളത്തിലെ പൊലീസിന്റെയും ജനങ്ങളോടുള്ള സമീപനത്തിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് കേന്ദ്രം നിർബന്ധിച്ചാലും കേരളം ചെയ്യാൻ പാടില്ലെന്ന് പറഞ്ഞത്.”
“വ്യാജ ഏറ്റുമുട്ടലിനെതിരെ ആന്ധ്രയിൽ ഹർത്താൽ നടത്തിയ പത്ത് ഇടതുപക്ഷ പാർട്ടികളിലൊന്ന് സിപിഎമ്മാണ്. ഒറീസ-ആന്ധ്ര അതിർത്തിയിലുണ്ടായ സംഭവത്തിലാണിത്. ഇടതുപക്ഷത്തിന്റെ അഭിപ്രായം അതുതന്നെയാണ്. ബിജെപിയുടെ സംസ്ഥാന സർക്കാരുകളിൽ നടന്ന വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷ പാർട്ടികൾ തന്നെയാണ്. അതിനകത്ത് സംശയങ്ങളില്ല.”

“ഭരണത്തിൽ വരുമ്പോൾ ഭരണഘടനയ്ക്ക് ഉള്ളിലാണ് ഇത് നിൽക്കുന്നത്. അതുകൊണ്ട് ശ്രദ്ധിക്കേണ്ടത് ശ്രദ്ധിക്കണം. ഞങ്ങളീ സർക്കാരിൽ ഇരിക്കുന്നത് ഒരു മിനിമം പരിപാടി നടപ്പിലാക്കാനാണ്. മാവോയിസ്റ്റ് എൻകൗണ്ടർ ഈ മിനിമം പരിപാടിയിൽ പെടുന്നതല്ല. അതിനകത്ത് ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്.” “സംസ്ഥാനത്തെ മുഖ്യമന്ത്രി ഒരു കാര്യം പറയുന്നത് പൊലീസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. പൊലീസ് അതിനെ ന്യായീകരിച്ച് മാത്രമേ റിപ്പോർട്ട് നൽകൂ. അതുകൊണ്ടാണ് മജിസ്റ്റീരിയൽ അന്വേഷണം എന്ന ആവശ്യം മുന്നോട്ട് വച്ചത്. സിപിഐക്കും, സിപിഎമ്മിനും കിട്ടിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സഭയിൽ പറയാനാകില്ല,” എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

മാവോയിസ്റ്റുകളുടെ പ്രവർത്തന രീതികളോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ കാനം, ഇവരുയർത്തുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും പറഞ്ഞു. അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റുകൾ തമ്പടിച്ചാൽ അവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാനുള്ള നീക്കമാണ് നടത്തേണ്ടിയിരുന്നത്. അല്ലാതെ തണ്ടർബോൾട്ട് വധശിക്ഷ വിധിക്കുന്ന രീതി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സിപിഐ സംസ്ഥാന കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നു.
അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന പോസ്റ്റ്മോർട്ടം നിർത്തിവയ്ക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടർക്ക് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കൾ രേഖാമൂലം അപേക്ഷ നൽകി. റീ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ട് ആദ്യം ഇവർ ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചിരുന്നു. അദ്ദേഹം ഇതനുവദിച്ചു. ഇത് പ്രകാരം തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെത്തിയ ബന്ധുക്കൾക്ക് മൃതദേഹം കാണാൻ സാധിച്ചില്ല. പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചുവെന്നാണ് ഇവർക്ക് ലഭിച്ച മറുപടി.
ഇതോടെയാണ് ഈ പോസ്റ്റ്മോർട്ടത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ബന്ധുക്കൾ ജില്ലാ കളക്ടറെ സമീപിച്ചത്. പൊലീസ് പറയുന്ന ഏറ്റുമുട്ടൽ കൊലയെന്ന വാദത്തിൽ വിശ്വാസമില്ലെന്ന് ഇവർ പരാതിയിൽ പറയുന്നു. സംഭവത്തിലെ തെളിവ് ശേഖരണം മുഖ്യമായും പോസ്റ്റ്മോർട്ടത്തിൽ നിന്നാണെന്നിരിക്കെ തങ്ങൾ കാണുന്നതിന് മുൻപ് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചതിൽ സംശയമുണ്ടെന്നും ഇവർ പറഞ്ഞു.

തങ്ങളുടെ അറിവില്ലാതെ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലൂടെ തെളിവുകൾ വളച്ചൊടിക്കാനാണ് നീക്കമെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ കത്തിൽ പറഞ്ഞു. റീ പോസ്റ്റ്മോർട്ടം തങ്ങൾക്ക് താത്പര്യമുള്ള സർജനെ കൊണ്ട് നടത്തണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കുമെന്നും , കോടതി ഉത്തരവ് വരും വരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പോസ്റ്റ്‌മോർട്ടം നിർത്തിവയ്ക്കണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്

Vadasheri Footer