അനാശാസ്യ പ്രവർത്തനത്തിൽ ഇടപാടുകാരനും കുറ്റക്കാരൻ : ഹൈക്കോടതി .
കൊച്ചി: അനാശാസ്യ പ്രവർത്തനത്തിൽ ഇടപാടുകാരനും കുറ്റക്കാരനെന്ന് ഹൈക്കോടതി. ലൈംഗിക ചൂഷണത്തിൽ ഇടപാടുകാരന്റെ പങ്കും പ്രധാനമായതിനാലാണ് നിയമത്തിൽ അങ്ങനെയൊരു വ്യവസ്ഥ. ഇടപാടുകാരൻ കൂടി കുറ്റകൃത്യത്തിന്റെ പരിധിയിൽ വന്നില്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
എറണാകുളം രവിപുരത്ത് ആയുർവേദ ആശുപത്രിയുടെ മറവിൽ നടത്തിവന്ന അനാശാസ്യ കേന്ദ്രത്തിൽനിന്ന് പിടിയിലായ മൂവാറ്റുപുഴ സ്വദേശി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.2007ലാണ് സ്ത്രീകളടക്കം പ്രതിയായ കേസിൽ ഹർജിക്കാരൻ പിടിയിലായത്.
കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായിരുന്ന ഒന്നാം പ്രതിയെ ഇതുവരെ പിടികൂടിയില്ലെന്നും നടത്തിപ്പുകാരനായിരുന്ന രണ്ടാം പ്രതിയെ വിചാരണക്കോടതി വെറുതെ വിട്ടെന്നും ഹർജിയിൽ ബോധിപ്പിച്ചിരുന്നു. കേസിൽപ്പെട്ട സ്ത്രീകൾക്ക് പിഴയും ചുമത്തി.തനിക്കെതിരെ മാത്രമാണ് കേസ് നിലനിൽക്കുന്നതെന്നും അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു വാദം. എന്നാൽ, ‘വ്യക്തി’ എന്നതിന്റെ നിർവചനത്തിൽ ചട്ടപ്രകാരം ഇടപാടുകാരനും വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി