ഇടപെടലുകൾ ഉണ്ടായാൽ അനന്തപുരി എക്സ്പ്രസ്സ് ഗുരുപവനപുരിയിലേക്കും?
ഗുരുവായൂര്‍ : ഗുരുവായൂരിലേക്ക് കൂടുതൽ ട്രെയിനുകൾ ഓടിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട് . ഇവിടെ നിന്നും നേരത്തെ ഉണ്ടായിരുന്ന തൃശ്ശൂർ പാസഞ്ചർ കോവിഡിന് മുൻപ് നിറുത്തി വെച്ചത് വീണ്ടും പുനഃസ്ഥാപിക്കാൻ റയിൽവേ താൽപ്പര്യം കാണിക്കുന്നില്ല . എന്നാൽ തിരുവനന്ത പുരം റെയിൽവേ ഡിവിഷന് കീഴിലുള്ള രണ്ടു ട്രെയിനുകൾ ഗുരുവായൂരിലേക്ക് തിരിച്ചു വിടാൻ സാധിക്കുമെന്നാണ് റെയിൽ വേയുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന . ചെന്നൈ എഗ്മൂറിൽ നിന്നും കൊല്ലം വരെ വരുന്ന 16724 നമ്പർ അനന്തപുരി എക്സ്‌പ്രസ് ഗുരുവായൂരിലേക്ക് നീട്ടാൻ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം ,
കൊല്ലത്ത് രാവിലെ 11 ന് എത്തുന്ന വണ്ടി വൈകീട്ടാണ് തിരിച്ചു പോകുന്നത് . അത് വരെ കൊല്ലത്ത് വെറുതെ കിടക്കുകയാണ് ആദ്യം ചെന്നൈ യിൽ നിന്ന് തിരുവനന്തപുരം വരെയായിരുന്നു സർവീസ് , അനന്ത പുരി എക്സ് പ്രസ് എന്നാണ് വണ്ടിക്ക് പേരിട്ടത് . വണ്ടി ഓടി തുടങ്ങിയപ്പോൾ കൊല്ലത്തുള്ളവരുടെ സമ്മർദ്ദം മൂലം കൊല്ലം വരെ സർവീസ് നീട്ടുകയായിരുന്നു . മുൻപ് ഗുരുവായൂർ നിന്ന് തിരുവനന്തപുരം തുടങ്ങിയ വണ്ടിയാണ് സർവീസ് നീട്ടി നീട്ടി ചെന്നൈ വരെയാക്കിയത് .തമിഴ് നാട്ടിലുള്ളവരുടെ സമ്മർദ്ദവും ഇടപെടലും ആണ് ആ വണ്ടിയെ ചെന്നെയിലേക്ക് എത്തിച്ചത് .
അതെ പോലെ വഴി മാറ്റാവുന്ന മറ്റൊരു ട്രെയിൻ ആണ് തിരുവനന്തപുരം ഷൊർണുർ 16302 വേണാട് എക്സ്പ്രസ്സ് . തൃശ്ശൂരിൽ നിന്നും മിക്കവാറും കാലി ആയാണ് ഈ ട്രെയിൻ ഷൊർണുരിലേക്ക് പോകുന്നത് . കൊങ്കൺ റെയിൽ പാത വന്നതോടെ നിരവധി ട്രെയിനുകളാണ് ഷൊർണൂർ വഴി ഓടുന്നത് . അത് കൊണ്ട് ഈ വണ്ടി ഗുരുവായൂരിലേക്ക് തിരിച്ചു വിട്ടാൽ ഷൊർണുർ യാത്രികരെ ബാധിക്കില്ല എന്നാണ് അറിയാൻ കഴിയുന്നത് . ഈ രണ്ടു തീവണ്ടികളും ഗുരുവായൂരിലേക്ക് എത്തിക്കാൻ റെയിൽവേ മന്ത്രിയുടെ അനുമതി ഒന്നും വേണ്ട , തിരുവനന്ത പുരത്തെ ഡിവിഷണൽ മാനേജർക്ക് തീരുമാനം എടുക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത് . ഇതിന് നഗര സഭയോ , ദേവസ്വമോ , ജനപ്രതി നിധികളോ ആവശ്യപ്പെടണം എന്ന് മാത്രം .
ഗുരുവായൂർ റെയിൽ വേ മേൽപ്പാല നിർമാണം കാരണം തൃശ്ശൂരിൽ നിന്നും വരുന്ന ബസുകൾ പഴയ ബാലകൃഷ്ണ തിയ്യറ്ററിന് മുന്നിലാണ് യാത്ര അവസാനിപ്പിക്കുന്നത് . . ഇവിടെത്തെ പാലം പണിയൊന്നും അറിയാതെ തൃശൂരിൽ നിന്ന് ഗുരുവായൂർ ബസിൽ കയറുന്ന ശബരി മല തീർത്ഥാടകർ ഏറെ പ്രയാസപ്പെടുകയാണ് . ശബരിമല സീസൺ കാലത്തെങ്കിലും പഞ്ചാരമുക്ക് പാവറട്ടി പറപ്പൂർ വഴി ഗുരുവായൂരിൽ നിന്നും കെ എസ് ആർടി സി ബസ് തുടങ്ങുകയാണെങ്കിൽ അയ്യപ്പ ഭക്തർ അടക്കം നിരവധി യാത്രക്കാർക്ക് അനുഗ്രഹമാകും . ഗുരുവായൂർ ദേവസ്വം ബോർഡ് കമ്മീഷണറും , കെ എസ് ആർ ടി സി, എം ഡി യും ഒരാൾ തന്നെ ആയതിനാൽ ഒരു ഫോൺ വിളിയിൽ തന്നെ പ്രശ്നം പരിഹാര മായേക്കും . വിളിക്കാൻ ബന്ധപ്പെട്ടവർ മനസു വെക്കണം .