ആന പാപ്പാനെ പിൻ വാതിലിലൂടെ ഡ്രൈവർ തസ്തികയിൽ നിയമിക്കാൻ നീക്കം
ഗുരുവായൂർ : ദേവസ്വത്തിൽ ആന പാപ്പാനെ ഡ്രൈവർ തസ്തികയിൽ പിന് വാതിലിലൂടെ നിയമിക്കാൻ നീക്കം . ഇതിനായി ദേവസ്വം സർക്കുലർ ഇറക്കി . ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥയുടെ ഭഭർത്താവ് ആയ ആന പാപ്പാനെ ഡ്രൈവർ തസ്തികയിലേക്ക് നിയമിക്കാനാണ് ഗൂഢ നീക്കം നടത്തുന്നത് . ഇത് ചട്ട വിരുദ്ധമാണ് എന്നാണ് ഒരു വിഭാഗം ജീവനക്കാർ പറയുന്നത് . അഡ്വ കെ ബി മോഹൻ ദാസ് ദേവസ്വം ചെയർ മാൻ ആയിരിക്കെ ഈ ആവശ്യവുമായി സമീപിച്ചെങ്കിലും അദ്ദേഹം ഓടിച്ചു വിട്ടിരുന്നു. അതാണ് ഇപ്പോൾ വീണ്ടും പൊടി തട്ടിയെടുത്ത് അഡ്മിനിസ്ട്രേറ്റർ സർക്കുലർ ആക്കി ഇറക്കിയിട്ടുള്ളത് എന്നാണ് ആരോപണം .
ഇതേ ആവശ്യത്തിനായി മുൻപ് എൻ രാജു ദേവസ്വം ഭരണ സമിതിഅംഗമായി ഇരിക്കുന്ന സമയത് ഇത് പോലെ സർക്കുലർ ഇറക്കിയിരുന്നു . എന്നാൽ ദേവസ്വത്തിലെ പശുപാലകന്മാർ അടക്കം നിരവധി പേർ അപേക്ഷിച്ചതിനാൽ ആ നീക്കം പരാജയപ്പെട്ടു . രണ്ടു തവണ ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് ഇപ്പോഴത്തെ ഭരണ സമിതിയെ കൊണ്ട് ചെയ്യിക്കാൻ ശ്രമിക്കുന്നത് . ഓടി നടന്ന് സ്പോൺസർ മാരെ കണ്ടെത്തി കൊണ്ട് വന്ന് ദേവസ്വത്തിന് അഭിമാനകരമായ നിരവധി കാര്യങ്ങൾ ചെയ്ത ഈ ഉദ്യോഗസ്ഥയെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായിട്ടാണത്രെ ആനപാപ്പാനായ ഭർത്താവിന് ഡ്രൈവർ തസ്തികയിൽ നിയമിക്കാൻ തിടുക്കപ്പെട്ട് നീക്കം നടത്തുന്നത് .
ദേവസ്വത്തിലെ നിയമനത്തിനായി സർക്കാർ റിക്രൂട്ട് മെന്റ് ബോർഡ് സ്ഥാപിച്ചിരിക്കെ അവിടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയാണ് പിന് വാതിൽ നിയമനം നടത്തുന്നത് . നിരവധി യുവാക്കൾ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് അവരുടെ ജോലി സാധ്യതകൾ ഇല്ലാതാക്കുന്ന നടപടിയുമായി ദേവസ്വം മുന്നോട്ടു പോകുന്നത് മുൻപ് ആന പാപ്പനായി വന്ന്സ്വാധീനം ഉപയോഗിച്ച് ക്ഷേത്രത്തിലേക്ക് മാറ്റം വാങ്ങിയ ജീവനക്കാരനാണ് ദർശനം നടത്താൻ പണം വാങ്ങിയതിനെ തുടർന്ന് ഇപ്പോൾ സസ് പെൻഷനിൽ കഴിയുന്നത്.