
ഹോർമുസിൽ നിന്ന് അമേരിക്കൻ യുദ്ധക്കപ്പലുകൾ പിന്മാറി.

ദുബൈ : അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ നിന്ന് അമേരിക്കൻ യുദ്ധക്കപ്പലുകൾ പിന്മാറിയതായി റിപ്പോർട്ട്. മേഖലയിൽ വിന്യസിച്ചിരുന്ന യു.എസ് നാവികസേനയുടെ ഡിസ്ട്രോയർ കപ്പലുകൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് തുടർച്ചയായി കനത്ത ആക്രമണങ്ങളുണ്ടായതിനെ തുടർന്നാണ് ഈ പിന്മാറ്റമെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. സി.ബി.എസ് ന്യൂസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ നിരവധി സായുധ ബോട്ടുകൾ അമേരിക്കൻ കപ്പലുകൾക്ക് തൊട്ടടുത്തെത്തുകയും വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണി സൃഷ്ടിക്കുകയും ചെയ്തു.

ഇറാനിയൻ അറ്റാക്ക് ബോട്ടുകൾ കൂട്ടത്തോടെ വളഞ്ഞതോടെ, അവരെ തുരത്തുന്നതിനായി അമേരിക്കൻ കപ്പലുകൾക്ക് തങ്ങളുടെ ഡെക്കിലെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് വെടിയുതിർക്കേണ്ടി വന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അഞ്ച് ഇഞ്ച് നേവൽ തോക്കുകളും മറ്റ് ചെറുകിട ആയുധങ്ങളും ഉപയോഗിച്ചാണ് യു.എസ് നാവികസേന ഇറാന്റെ ബോട്ടുകളെ നേരിട്ടത്. ഇതിന് പുറമെ അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്ററുകളും ആക്രമണങ്ങളെ പ്രതിരോധിക്കാൻ രംഗത്തെത്തിയിരുന്നു. മിസൈലുകൾക്കും ഡ്രോണുകൾക്കും പുറമെ സായുധ ബോട്ടുകൾ കൂടി ഉപയോഗിച്ച് ഇറാൻ നടത്തിയ ഈ മിന്നലാക്രമണം അമേരിക്കൻ നാവികസേനയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്.
സമാധാന ചർച്ചകൾ തകർന്നതിന് പിന്നാലെ സമുദ്രപാതയിൽ ഇരു വിഭാഗവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകൾ വീണ്ടും രൂക്ഷമാകുകയാണ്. കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ നൽകുന്ന ഔദ്യോഗിക വിശദീകരണമെങ്കിലും, ഈ കനത്ത പോരാട്ടത്തിന് പിന്നാലെ അമേരിക്കൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ നിന്ന് തൽക്കാലത്തേക്ക് പിന്മാറിയത് തികച്ചും ശ്രദ്ധേയമാണ്. .

അതെ സമയം . അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനെത്തുടർന്ന്, സൗദി അറേബ്യയും കുവൈറ്റും അമേരിക്കയുമായുള്ള സുപ്രധാന സൈനിക സഹകരണങ്ങളിൽ നിന്ന് പിന്മാറുന്നതായി റിപ്പോർട്ട്. തങ്ങളുടെ സൈനിക താവളങ്ങളും വ്യോമപാതകളും ഉപയോഗിക്കുന്നതിൽ നിന്ന് യു.എസ് സൈന്യത്തെ സൗദിയും കുവൈറ്റും കർശനമായി വിലക്കിയതോടെ, ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്ന ‘പ്രോജക്ട് ഫ്രീഡം’ പൂർണ്ണമായും തകർന്നു. പ്രമുഖ വാർത്താ ചാനലായ എൻ.ബി.സി ന്യൂസും അമേരിക്കൻ മാധ്യമപ്രവർത്തകനായ റയാൻ ഗ്രിമ്മും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ (Prince Sultan Airbase) നിന്ന് അമേരിക്കൻ പോർവിമാനങ്ങൾ പറന്നുയരുന്നതും സൗദി വ്യോമപാത ഉപയോഗിക്കുന്നതും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിലക്കിയതാണ് പ്രോജക്ട് ഫ്രീഡം ദൗത്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയായത്. ഇതോടെ ഹോർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നൽകിയിരുന്ന വ്യോമപ്രതിരോധ കവചം (Air Defense Umbrella) പൂർണ്ണമായും ഇല്ലാതാകുകയും ദൗത്യം സ്തംഭിക്കുകയും ചെയ്തു. ഗൾഫ് സഖ്യരാജ്യങ്ങളെ മുൻകൂട്ടി അറിയിക്കാതെ പ്രസിഡൻ്റ് ട്രംപ് തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ ദൗത്യം പ്രഖ്യാപിച്ചതാണ് സൗദി ഭരണകൂടത്തെ കടുത്ത അതൃപ്തിയിലാക്കിയത്. സഖ്യരാജ്യങ്ങളോട് കൂടിയാലോചിക്കതെയുള്ള ഈ നടപടിയിൽ മുഹമ്മദ് ബിൻ സൽമാൻ കടുത്ത രോഷം രേഖപ്പെടുത്തിയതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സൗദി അറേബ്യക്ക് പുറമെ ഖത്തറും ഒമാനും അമേരിക്കയുടെ ഈ ഏകപക്ഷീയമായ തീരുമാനത്തിൽ അമ്പരപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ദൗത്യം ആരംഭിച്ചതിന് ശേഷം മാത്രമാണ് ട്രംപ് ഭരണകൂടം ഈ രാജ്യങ്ങളുമായി വിവരങ്ങൾ പങ്കുവെക്കാൻ തയ്യാറായത്. അമേരിക്കയുടെ ഈ നീക്കങ്ങൾ ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തെ കാര്യമായി മാനിക്കാത്തതാണെന്ന വിലയിരുത്തലാണ് മേഖലയിലുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഡോണാൾഡ് ട്രംപ് നേരിട്ട് മുഹമ്മദ് ബിൻ സൽമാനുമായി ടെലിഫോണിൽ ബന്ധപ്പെട്ടെങ്കിലും ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.

