അഷ്ടമി രോഹിണിക്ക് കത്തിയില്ലെങ്കിലും വൈദ്യുതി അലങ്കാരം അഴിക്കാതെ പകലും രാത്രിയും കത്തിച്ച് ദേവസ്വം
ഗുരുവായൂർ : അഷ്ടമി രോഹിണി ആഘോഷത്തിന് വേണ്ടി ഗുരുവായൂർ ക്ഷേത്രത്തിന് മുകളിൽ സ്ഥാപിച്ച വൈദ്യുതി അലങ്കാരങ്ങൾ അഷ്ടമി രോഹിണി ദിവസം കത്തിക്കാൻ താൽപര്യം കാണിക്കാത്ത ദേവസ്വം അധികൃതർ ഇപ്പോൾ പകലും രാത്രിയും ഈ വിളക്കുകൾ തെളിയിക്കുന്നു . പ്രവാസി വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് വേണ്ടിയാണു ഇപ്പോഴും അലങ്കാര വിളക്കുകൾ തെളിയിക്കുന്നതത്രെ . വരുന്ന ഒൻപതിന് ആണ് രവി പിള്ളയുടെ മകൻ ഗണേശനും കേഴിക്കോട് സ്വദേശിയായ യുവതിയുമായുള്ള വിവാഹം പൂന്താനം ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നത്
ആയിരത്തിൽ പരം ആളുകൾ പങ്കെടുക്കുന്ന ആർഭാട വിവാഹത്തിൽ സംസ്ഥാന മന്ത്രിമാർ അടക്കമുള്ള ഭരണ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . ക്ഷേത്രത്തിലെ വൈദ്യുതി അലങ്കാരത്തിന് പുറമെ ക്ഷേത്ര നടയിലെ തൂണും തുരുമ്പും അലങ്കാരങ്ങളെ കൊണ്ട് നിറക്കുമെന്നാണ് ലഭിക്കുന്ന വിവരം . ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നു. ഒരു കോടിയിൽ പരം രൂപക്കാണ് വിവാഹ ആഘോഷങ്ങൾ ഇവൻ മാനേജ്‌മെന്റിനെ ഏല്പിച്ചിട്ടുള്ളതത്രെ . ഇതിന്റെ ഭാഗമായി പൂന്താനം ആഡിറ്റോറിയത്തിലും റിപ്പയർ പണികളും, നവീകരണവും തകൃതിയായി നടന്നു വരികയാണ് .രവി പിള്ളയുടെ വിശ്വസ്തൻ ഗുരുവായൂരിൽ തങ്ങിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്
അഷ്ടമി രോഹിണി ക്ക് പിറന്നാൾ സദ്യ കഴിക്കാൻ ആളുകൾ മാസ്ക് അഴിക്കുമ്പോൾ കോവിഡ് പകരാൻ സാധ്യത ഉണ്ടെന്ന് കണ്ടെത്തിയാണ് ഭക്തർ പരിപാവനമായി കാണുന്ന പിറന്നാൾ സദ്യ പോലും ദേവസ്വം വേണ്ടെന്ന് വെച്ചത്. അതെ ക്ഷേത്ര നടയിലാണ് ആയിരത്തിലധികം ആളുകൾ പങ്കെടുക്കുന്ന ആർഭാട വിവാഹത്തിന് ദേവസ്വം അനുമതി കൊടുത്തിട്ടുള്ളത് എന്നാണ് ഭക്തരുടെ പരാതി. ഇതിനു മുൻപ് കരിമണൽ രാജാവ് ശശിധര കർത്ത യുടെ മകന്റെ വിവാഹമാണ് ഗുരുവായൂരിൽ ആർഭാടത്തോടെ നടത്തിയത് അതിന് പൂന്താനം ആഡിറ്റോറിയവും പരിസരവും മാത്രമാണ് അലങ്കരിച്ചിരുന്നത് . ക്ഷേത്രവും ക്ഷേത്ര നടയും അലങ്കിരിച്ചുള്ള വിവാഹം ഗുരുവായൂരിൽ ആദ്യമാണ്