അജ്‌മാൻ കോടതിയിൽ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം
അജ്‍മാൻ : തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ അജ്‍മാൻ പൊലീസ് അറസ്റ്റ് ചെയ്ത ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം. അജ്മാൻ കോടതിയിൽ ജാമ്യത്തുക ഒരു ലക്ഷം ദിർഹം കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്. പ്രമുഖ വ്യവസായി എം എ യൂസഫലി ഇടപെട്ടതിനെ തുടര്‍ന്നാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്. ഒന്നര ദിവസം ജയിലിൽ കിടന്ന ശേഷമാണ് തുഷാര്‍ വെള്ളാപ്പള്ളി പുറത്തിറങ്ങുന്നത്. അജമാനിലെ ഹോട്ടലിലേക്ക് അൽപ്പസമയത്തിനകം തുഷാര്‍ വെള്ളാപ്പള്ളി എത്തുമെന്നാണ് വിവരം . . തുഷാര്‍ വെള്ളാപ്പള്ളിയുടെ പാസ്പോര്‍ട് പിടിച്ചു വച്ചെന്നതടക്കം വിവരങ്ങളും പുറത്തുവരുന്നുണ്ട്. ജാമ്യം അനുവദിച്ചപ്പോൾ വ്യവസ്ഥകളെന്തെങ്കിലും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരാനിരിക്കുന്നതെ ഉള്ളു.
കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ തീരുമാനം എന്നും വിവരമുണ്ട്. കേസിന് പിന്നിൽ ഗൂഢാലോചനയാണെന്ന വാദം വെള്ളാപ്പള്ളി നടേശനും ഉന്നയിച്ചിട്ടുണ്ട്,
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസായതിനാൽ ഇന്ന് തന്നെ ജാമ്യത്തുക കെട്ടിവച്ച് തുഷാറിനെ ജയിലിൽ നിന്ന് ഇറക്കാനായിരുന്നു ശ്രമം നടന്നിരുന്നത്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിച്ചെക്ക് കേസിലാണ് തുഷാർ അറസ്റ്റിലായത്. കേസിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രി വി മുരളീധരന് കത്തയക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ചയായതിനാൽ ഇന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പൊതു അവധിയായതിനാൽ രണ്ട് ദിവസം കൂടി തുഷാർ ജയിലിൽ കിടക്കേണ്ട അവസ്ഥ വരുമായിരുന്നു. ഇതാണ് എംഎ യൂസഫലിയുടെ കൂടി ഇടപെടലോടെ പരിഹരിക്കപ്പെട്ടത്. ഇതിനിടെ കേസ് നൽകിയ നാസിൽ അബ്ദുള്ളയുടെ മതിലകത്തെ വീട്ടിൽ പോലീസ് എത്തി വീട്ടിലുള്ളവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു . നാസിൽ അബ്ദുള്ളയും കുടുംബവും അജ്മാനിൽ സ്ഥിര താമസക്കാരാണ്