Header 1 = sarovaram
Above Pot

ജാമ്യമില്ല , ചിദംബരം തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ

ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചിദംബരത്തെ വിട്ടു നൽകണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സിബിഐ വാദം അംഗീകരിച്ചാണ് ചിദംബരത്തെ ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി അടുത്ത തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും സംസാരിക്കാനുള്ള അവകാശം പി ചിദംബരത്തിന് ഉണ്ടാകുമെന്നും കോടതി പറഞ്ഞു.
വിശദമായ വാദപ്രതിവാദങ്ങളാണ് ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതിയിൽ നടന്നത്. ഒരിടക്ക് സ്വന്തമായി ചില കാര്യങ്ങൾ പറയാനുണ്ടെന്ന് മുൻ ധനമന്ത്രി പി ചിദംബരം കോടതിയിൽ പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്‍റെ എതിര്‍പ്പ് വകവയ്ക്കാതെ കോടതി സ്വന്തം വാദം ഉന്നയിക്കാൻ ചിദംബരത്തിന് അവസരവും നൽകി.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേസിൽ സിബിഐയ്ക്ക് വേണ്ടി ഹാജരായത്. ജാമ്യമില്ലാ വാറണ്ട് ചിദംബരത്തിന് മേൽ ചുമത്തിയിരുന്നതാണെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നുവെന്നും എസ്‍ജി കോടതിയിൽ വാദിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. മിണ്ടാതിരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമായിരിക്കാം. പക്ഷേ കേസുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം ഒരിക്കലും ചിദംബരം നൽകിയില്ലെന്ന് കോടതിയിൽ സോളിസിറ്റർ ജനറൽ വാദിച്ചു. മറ്റ് പ്രതികളോടൊപ്പം ഇരുത്തി ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ്‍ജി വാദിച്ചു (ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരം ഇതേ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു)

Astrologer

ദില്ലി ഹൈക്കോടതിയിൽ ചിദംബരത്തിന് മുൻകൂർ ജാമ്യം നിഷേധിച്ചു കൊണ്ട് ജസ്റ്റിസ് ജെ. ഗൗർ നടത്തിയ വിധിപ്രസ്താവവും കോടതിയിൽ എസ്‍ജി പരാമർശിച്ചു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും മുൻകൂർ ജാമ്യം നൽകാനാകില്ലെന്നും കോടതി വിധിയിൽ പരാമർശിച്ചത് മേത്ത ചൂണ്ടിക്കാട്ടി.കസ്റ്റഡിയിൽ ചിദംബരം തുടരേണ്ടതുണ്ടെന്നും എങ്കിലേ അന്വേഷണം ഫലപ്രദമാകൂ എന്നും സിബിഐ. കേസ് ഡയറിയും അന്വേഷണത്തിന്‍റെ നാൾവഴിയും കോടതിയ്ക്ക് മുമ്പാകെ സമർപ്പിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ കേസിലെ മറ്റ് വിവരങ്ങളും വ്യക്തമാകൂ എന്ന് സിബിഐക്ക് വേണ്ടി ഹാജരായ എസ്‍ജി വാദിച്ചു. ഇന്ദ്രാണി മുഖർജിയുമായുള്ള ഇടപാടുകളെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്നും സിബിഐ വ്യക്തമാക്കി. ഇതിന് പിൻബലമായിട്ടാണ് കേസ് ഡയറിയടക്കമുള്ള രേഖകൾ സിബിഐ കോടതിയിൽ ഹാജരാക്കിയത്.

മാത്രമല്ല, ചോദ്യം ചെയ്യലിലുടനീളം മുൻ ധനമന്ത്രി സഹകരിച്ചില്ലെന്ന് സിബിഐ കോടതിയിൽ ചൂണ്ടിക്കാട്ടി. വലിയ രേഖകൾ അടക്കം പരിശോധിക്കാനുള്ള അഴിമതിക്കേസായതിനാൽ ഒരു ദിവസത്തെ കസ്റ്റഡി മതിയാകില്ലെന്നായിരുന്നു സിബിഐ വാദം. കൂട്ടു പ്രതികളോടൊപ്പം ചിദംബരത്തെ ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. ഓരോരോ രേഖകളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും സിബിഐ വാദിച്ചു.കേസിലെ മറ്റ് കക്ഷികൾക്ക് ജാമ്യം അനുവദിച്ചിട്ടിട്ടുണ്ടെന്ന് കപിൽ സിബൽചൂണ്ടിക്കാട്ടി. ആ ജാമ്യമൊന്നും സിബിഐ ചോദ്യം ചെയ്തിട്ടില്ല. കേസിൽ അന്വേഷണം പൂർത്തിയായതാണെന്നും കപിൽ സിബൽ പറഞ്ഞു. കരട് കുറ്റപത്രമായെങ്കിൽ പിന്നെ കസ്റ്റഡി എന്തിനെന്ന ചോദ്യമാണ് കപിൽ സിബൽ ഉന്നയിച്ചത്. വിദേശ നിക്ഷേപത്തിന് അനുമതി നൽകുന്നത് ചിദംബരം ഒറ്റക്കല്ല, ആറ് ഗവൺമെന്റ് സെക്രട്ടറിമാര്‍ വേറെയുണ്ട്. അവര്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല.

ചോദിച്ച പന്ത്രണ്ട് ചോദ്യങ്ങളിൽ ആറെണ്ണം നേരത്തെ ചോദിച്ചതാണ്. ചോദ്യങ്ങളെ കുറിച്ചു പോലും സിബിഐക്ക് വ്യക്തതയില്ലെന്നും പി ചിദംബരത്തിന്‍റെ അഭിഭാഷകൻ വാദിച്ചത് . ഇന്ദ്രാണി മുഖര്‍ജിയോ ഐഎൻഎക്സ് മീഡിയാ കമ്പനിയോ പണം നൽകിയിട്ടുണ്ടെങ്കിൽ രേഖകൾ എവിടെയെന്നും ഏത് അക്കൗണ്ടിലേക്ക് എങ്ങനെയാണ് പണം കൈമാറിയതെന്നും സിബിഐ വ്യക്തമാക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. കേസ് വാദം നടക്കുന്നതിനിടെ, തനിയ്ക്ക് നേരിട്ട് വാദിച്ചാൽ കൊള്ളാമെന്ന് അഭിഭാഷകൻ കൂടിയായ ചിദംബരം ആവശ്യപ്പെട്ടു. സോളിസിറ്റര്‍ ജനറൽ എതിര്‍ത്തെങ്കിലും കോടതി സംസാരിക്കാൻ അനുമതി നൽകി. അപൂര്‍വ്വ കീഴ്‍വഴക്കമെന്ന് വിലയിരുത്തുന്ന നടപടിക്കിടെ സിബിഐ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നു എന്ന് പി ചിദംബരം കോടതിയെ അറിയിച്ചു.

Vadasheri Footer