ഉമ്മന്‍ചാണ്ടി ചെയര്‍മാനായ പത്തംഗ മേല്‍നോട്ടസമിതി പ്രഖ്യാപിച്ചു , തരൂരും പട്ടികയില്‍.
ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനായ കെപിസിസി തിരഞ്ഞെടുപ്പ് മേല്‍നോട്ടസമിതിയെ ഓദ്യോഗികമായി പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. പത്തംഗങ്ങളാണ് സമിതിയില്‍ ഉള്ളത്. ഉമ്മന്‍ചാണ്ടിക്ക് പുറമേ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ മുരളീധരന്‍, വി.എം സുധീരന്‍, കെ. സുധാകരന്‍, കൊടുക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവരടങ്ങുന്നതാണ് സമിതി. ശശി തരൂരിനെ ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരമാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്.
പത്തംഗ സമിതി കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തും. തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്കും ഈ സമിതിയാണ് നേതൃത്വം നല്‍കുക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ സ്‌ക്രീനിങ് കമ്മിറ്റി, തിരഞ്ഞെടുപ്പ് സമിതി, സ്ഥാനാര്‍ഥി നിര്‍ണയ സമിതി, പ്രചാരണ സമിതി എന്നിവയും ഉടന്‍തന്നെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കും.
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവശ, ദുര്‍ബല വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുകൂടിയാവും ഇത്തവണ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയെന്നാണ് സൂചന. ജയസാധ്യതയ്ക്കും ജനബന്ധത്തിനും സാമുദായിക പ്രാതിനിധ്യത്തിനുമാകണം മുഖ്യപരിഗണനയെന്നും നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. ഫലപ്രഖ്യാപനത്തിനു ശേഷം എം.എല്‍.എ.മാരുമായി കൂടിയാലോചിച്ചാവും മുഖ്യമന്ത്രിയെ നിശ്ചയിക്കുക.