Header 1 = sarovaram
Above Pot

56 പേർ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ മൂന്ന് മലയാളികൾ ഉൾപ്പടെ 38 പേർക്ക് വധശിക്ഷ


അഹമ്മദാബാദ്: 56 പേർ കൊല്ലപ്പെട്ട 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ മൂന്ന് മലയാളികൾ ഉൾപ്പടെ 38 പേർക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. കേസിൽ ആകെയുണ്ടായിരുന്ന 78 പ്രതികളിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49 പേരെയാണ്. ഇതിൽ 38 പേർക്കും വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 11 പേർക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു,ഇതിലും ഒരു മലയാളി ഉൾപ്പെട്ടിട്ടുണ്ട് . ഇവരെല്ലാവരും സിമിയുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദ്ദീന്‍റെ പ്രവർത്തകരാണ്. പ്രത്യേകജ‍ഡ്‍ജി എ ആർ പട്ടേലാണ് വിധി പ്രസ്താവിച്ചത്.

Astrologer

2008 ജൂലൈ 26-ന് അഹമ്മദാബാദിലെ തിരക്കേറിയ ഓൾഡ് സിറ്റിയിൽ അടക്കം 20 ഇടങ്ങളിലാണ് സ്ഫോടനപരമ്പര നടന്നത്. 56 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 248 പേർക്കെങ്കിലും പരിക്കേറ്റു. ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരായ യാസീൻ ഭട്‍കൽ ഉൾപ്പടെ 78 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്.

2008 ജൂലൈ 26 – സിമിയുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദ്ദീന്‍റെ പേരിൽ 14 പേജുള്ള ഒരു ഇ-മെയിൽ സന്ദേശം ഗുജറാത്തിലെ ടിവി ചാനലുകളുടെ ഓഫീസുകളിലെത്തി. ”ജിഹാദിന്‍റെ ഉദയം, ഗുജറാത്തിനോടുള്ള പ്രതികാരം” എന്ന് തലക്കെട്ടുണ്ടായിരുന്ന ആ ഇ-മെയിലിലെ ഏഴാം പേജിൽ ഇങ്ങനെ പറയുന്നു.

”അഹമ്മദാബാദിൽ സ്ഫോടനം നടക്കാൻ പോവുന്നു..തടയാമെങ്കിൽ തടയൂ..”

ഇ-മെയിൽ കിട്ടി മിനിറ്റുകൾക്കകം ആദ്യ സ്ഫോടനം നടന്നു. തിരക്കേറിയ ഓൾഡ് സിറ്റി അടക്കം 20 ഇടങ്ങളിൽ സ്ഫോടന പരമ്പരയുണ്ടായി. ആറര മുതൽ ഏഴര വരെ നടന്ന സ്ഫോടന പരമ്പരയിൽ നഗരം രക്തത്തിൽ കുളിച്ചു. പരിക്കേറ്റവരെ എത്തിച്ച ആശുപത്രികളിലും പൊട്ടിത്തെറിയുണ്ടായി.

അന്ന് മരിച്ച് വീണത് 56 പേരാണ്. പരിക്കേറ്റത് 248 പേർക്കെന്നാണ് ഔദ്യോഗിക കണക്ക്. ഗുജറാത്ത് ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. 2002-ലെ ഗുജറാത്ത് കലാപത്തിനുള്ള പ്രതികാരമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരായ യാസിൻ ഭട്‍കൽ, സഫ്ദർ നഗോരി, ജാവേദ് അഹമ്മദ് അങ്ങനെ ആകെ പ്രതികൾ 78 പേരായിരുന്നു. അതിൽ ഒരാളെ പിന്നീട് മാപ്പ് സാക്ഷിയാക്കി. 2009-ൽ തുടങ്ങിയ വിചാരണ അവസാനിച്ചത് ഇക്കഴിഞ്ഞ സെപ്തംബറിൽ.

സുരക്ഷാ കാരണങ്ങളാൽ വിചാരണ പൂ‍ർണമായും വിഡിയോ കോൺഫറൻസ് വഴി ആയിരുന്നു. 49 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയപ്പോൾ 28 പേരെ വെറുതെ വിട്ടു. അതിൽ 22 പേർക്കും മറ്റ് കേസുകളുള്ളതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ആകില്ല.

വാഗമൺ സിമി ക്യാമ്പ് കേസിൽ ശിക്ഷിക്കപ്പെട്ട ഷിബിലി, ഷാദുലി സഹോദരങ്ങളടക്കം 5 മലയാളികളും കേസിൽ പ്രതികളാണ്. സിമിയിലെ സജീവ പ്രവർത്തകരാണ് പ്രതികളെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കേസിൽ മൂന്ന് മലയാളികളെ വെറുതെ വിട്ടിരുന്നു.

വാഗമണ്‍, പാനായിക്കുളം തീവ്രവാദ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരാണ് ഈരാറ്റുപേട്ട പീടിക്കല്‍ ഷാദുലി, സഹോദരന്‍ ഷിബിലി എന്നിവർ. ആലുവാ കുഞ്ഞനിക്കര മുഹമ്മദ് അന്‍സാരി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നിവർക്കൊപ്പം മംഗലാപുരത്ത് നിന്നുള്ള നൗഷാദുമാണ് കുറ്റക്കാരുടെ പട്ടികയിലെ മലയാളികൾ.

പാനായിക്കുളം കേസിലും പ്രതിയാണ് അൻസാർ. ബോംബുകള്‍ക്കുള്ള ചിപ്പുകള്‍ തയ്യാറാക്കിനല്‍കിയതാണ് ഷറഫുദ്ദീനെതിരായ കുറ്റം. കൂട്ടുപ്രതിയും ഇയാളുടെ ബന്ധുവുമായ അബ്ദുള്‍ റഹ്‌മാന്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഷറഫുദ്ദീന്‍റെ പിതാവ് ഇടി സൈനുദ്ദീൻ, അബ്ദുൾ സത്താർ, സുഹൈബ് പൊട്ടുമണിക്കൽ എന്നീ മൂന്ന് മലയാളികൾ കൂടി പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും കോടതി കുറ്റവിമുക്തരാക്കി.

പ്രതികളെല്ലാം രാജ്യത്തെ വിവിധ ജയിലുകളിലാണ് ഇപ്പോൾ. വിചാരണക്കിടെ പ്രതികൾ സബർമതി ജയിലിൽ നിന്ന് തുരങ്കമുണ്ടാക്കി ജയിൽ ചാടാൻ ശ്രമിച്ച സംഭവവും ഉണ്ടായി. നാലാം നമ്പർ ബാരക്കിൽ 6 അടി താഴ്ചയിലും 18 അടി നീളത്തിലും ഒരു തുരങ്കം ജയിൽ അധികൃതർ കണ്ടെത്തിയതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു.

2013-ൽ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടിയിലായ യാസിൻ ഭട്കൽ അടക്കം പിന്നീട് അറസ്റ്റിലായ 4 പ്രതികളുടെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നതിൽ കുറഞ്ഞതൊന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് വിധി.

Vadasheri Footer