തന്‍റെ അച്ഛന്റെ പേര് സഖാവ് സഖാവ് അടൂര്‍ കുഞ്ഞുരാമന്‍ : അടൂര്‍ പ്രകാശ്
തിരുവനന്തപുരം: തന്റെ അച്ഛന്റെ പേര് സഖാവ് അടൂര്‍ കുഞ്ഞുരാമന്‍ എന്നാണെന്നും പേര് മാറ്റാന്‍ പറയുന്ന എസ്.എഫ്.ഐ കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് മുന്നെ പണി തുടങ്ങിയതാണെന്നും അടൂര്‍ പ്രകാശ് എം.പി. നിരവധി സാംസ്‌കാരിക നായകന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് അടൂരെന്നും ‘കൊലയാളി പ്രകാശ്’ പേരിനൊപ്പമുള്ള അടൂര്‍ ഒഴിവാക്കി നാടിനെ അപമാനത്തില്‍നിന്നും മുക്തമാക്കാന്‍ അടൂരിലെ വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനം എസ്.എഫ്.ഐ ആവശ്യപ്പെടുന്നുവെന്നും കഴിഞ്ഞ ദിവസം എസ്.എഫ്.ഐ അടൂര്‍ ഏരിയ കമ്മിറ്റി ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് അടൂര്‍ പ്രകാശ് ഇങ്ങനെ പറഞ്ഞത്.
‘അടൂരിലെ എസ്.എഫ്.ഐക്കാരായ എന്റെ കുഞ്ഞ് അനുജന്മാരോട് പറയട്ടെ. നിങ്ങളൊക്കെ ജനിക്കും മുന്‍പാണ്, അതായത് ഞാന്‍ കൊല്ലം എസ്.എന്‍ കോളേജില്‍ കെ.എസ്.യു. യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് അടൂര്‍ പ്രകാശ് എന്ന പേര് സ്വീകരിച്ചത്.
അടൂര്‍ പ്രകാശ് എന്ന പേരിലാണ് ഞാന്‍ 1996-ല്‍ (അന്നും നിങ്ങള്‍ ജനിച്ചു കാണാനിടയില്ല) കോന്നി എന്ന ഇടത് കോട്ടയില്‍ പോയി മത്സരിക്കുന്നതും ജയിക്കുന്നതും. തുടര്‍ന്ന് 23 വര്‍ഷക്കാലം കോന്നിക്കാരുടെ സ്‌നേഹവും പിന്തുണയും ഏറ്റുവാങ്ങി ഞാന്‍ അവരില്‍ ഒരാളായി. കോന്നി എം.എല്‍.എ. ആയിരിക്കുമ്പോഴും എന്റെ പേര് ‘അടൂര്‍ പ്രകാശ്’ എന്നായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചത് അനുസരിച്ച് ഞാന്‍ ആറ്റിങ്ങല്‍ എന്ന മറ്റൊരു ഇടത് കോട്ടയില്‍ മത്സരിക്കാനെത്തിയത്. അവിടുത്തെ ‘സീനിയറായ’ എം.പിയെ പരാജയപ്പെടുത്തിയാണ് ആറ്റിങ്ങലുകാരുടെ കലര്‍പ്പില്ലാത്ത സ്‌നേഹം ഏറ്റുവാങ്ങി ഞാന്‍ ആറ്റിങ്ങല്‍ എം.പി ആയത്. അപ്പോഴും എന്റെ പേര് അടൂര്‍ പ്രകാശ് എന്നായിരുന്നു. അതുകൊണ്ട് പേര് മാറ്റണമെന്ന നിങ്ങളുടെ ആവശ്യം തള്ളിക്കളയുന്നുവെന്നും അടൂര്‍ പ്രകാശ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
<