അടൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന കാർ കനാലിലേക്ക് മറിഞ്ഞു. മൂന്ന് പേർ മരിച്ചു
പത്തനംതിട്ട: അടൂർ കരുവാറ്റ പള്ളിക്ക് സമീപം കാർ കനാലിലേക്ക് മറിഞ്ഞു. മൂന്ന് പേർ മരിച്ചു. ഹരിപ്പാടേക്ക് പോയ വിവാഹസംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന നാല് പേരെ നാട്ടുകാരും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി.
ഓയൂർ സ്വദേശികളായ ശ്രീജ (45), ശകുന്തള (51), ഇന്ദിര (57) എന്നിവരാണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് നടന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് കൊല്ലം ഓയൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ നാല് പേർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിൻ്റെ ഡ്രൈവർ ശരത്, ബിന്ദു, അശ്വതി, അലൻ (14)എന്നിവരാണ് ചികിത്സയിലുള്ളവത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഓയൂർ അമ്പലമുക്ക് കാഞ്ഞിരംമൂട് കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് വരികയായിരുന്നു സംഘം. അമിത വേഗത്തിലെത്തിയ കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് കനാലിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന മൊഴി. കെ.എൽ.24 ടി 170 മാരുതി സ്വിഫ്റ്റാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാർ നടത്തിയ സമയോചിതമായ ഇടപെടൽ മൂലമാണ് നാല് പേരെ രക്ഷിക്കാൻ സാധിച്ചത്. അപകടത്തെ തുടർന്ന് കാനലിലേക്ക് പതിച്ച കാറിൽ നിന്നും തെറിച്ച് കാനലിലെ ഒഴുക്കിൽപ്പെട്ട മൂന്ന് പേരാണ് മരിച്ചത്. കാറിൽ കുടുങ്ങിയവരെ നാട്ടുകാർ രക്ഷപ്പെടുത്തി.